തൊടന്നൂർ ബ്ലോക്ക് പഞ്ചായത്ത് കരാളിപ്പാലത്തിനടുത്ത് നിർമ്മിച്ച വയോജന പരിശീലന കേന്ദ്രം ആറുമാസമായി ഇരുട്ടിൽ; വൈദ്യുതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ ധർണ്ണാ സമരം


വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി കാരാളിപ്പാലത്തിന് അടുത്തുള്ള തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വയോജന പരിശീലന കേന്ദ്രം കഴിഞ്ഞ ആറുമാസമായി വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടും ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. വയോജന കേന്ദ്രത്തിന്റെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് ഉദ്ഘാടനം ചെയ്തു.

2017 ൽ മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്ത ഈ കെട്ടിടത്തിന് കെട്ടിട നമ്പർ നൽകാൻ പോലും വില്ല്യാപ്പള്ളി പഞ്ചായത്ത് തയ്യാറായിട്ടില്ല. പ്രദേശത്തുള്ള ഒരു പൊതുപ്രവർത്തകൻ സൗജന്യമായി നൽകിയ ഭൂമിയിലാണ് ഈ കെട്ടിടം പണിതിട്ടുള്ളത്. ജനങ്ങൾ സഹകരിച്ചു കൊണ്ട് കെട്ടിടത്തിൽ ഫർണിച്ചർ, എസി, ടി.വി എന്നിവ നൽകിയിരുന്നു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ചിട്ടുള്ള ഈ കെട്ടിടം ഇതുവരെ വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിന് കൈമാറിയിട്ടില്ലെന്ന് മനസ്സിലാക്കുന്നതെന്നും ബിജു പ്രസാദ് പറഞ്ഞു.

ജനങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലത്ത് മനോഹരമായി നിർമ്മിച്ച കെട്ടിടം കഴിഞ്ഞ ഏഴ് വർഷമായി ഉദ്ദേശിച്ചരീതിയിലുള്ള പ്രവർത്തനം തുടങ്ങിയിട്ടില്ല. ഈ കെട്ടിടത്തിന് ഒരു കെയർടേക്കറെ വയ്ക്കുവാൻ ഗ്രാമപഞ്ചായത്ത് ഇതുവരെ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ വയോജനങ്ങൾക്ക് വരാനുള്ള സാഹചര്യവുമില്ല. ഈ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ആർക്കാണെന്ന് പോലും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാസം 265 രൂപ അടക്കാത്തതിന്റെ പേരിലാണ് കഴിഞ്ഞ ആറുമാസമായി വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുള്ളത്.

ലക്ഷങ്ങൾ ചെലവഴിച്ച് മനോഹരമായി നിർമ്മിച്ച കെട്ടിടം ഒരു നോക്കുകുത്തിയായി നിലനിൽക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വയോജന കേന്ദ്രത്തിലെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കണ മെന്നും വാർദ്ധക്യസഹജമായ അവശതകളുള്ളവർക്ക് ഉപകാര പ്രദമാകുന്ന രീതിയിലേക്ക് ഈ കെട്ടിടത്തിന്റെ പ്രവർത്തനം മാറ്റണമെന്നും ധർണ്ണയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

ബാലൻ മനത്താമ്പ്ര, മൂത്താന സുധീർ, എരിക്കണോത്ത് ദാമോധരൻ, കണ്ടനൂർ കുഞ്ഞിരാമൻ നമ്പ്യാർ, ശ്രീധരൻ.കെ, ഇഷാം വലിയപറമ്പത്ത് എന്നിവർ സംസാരിച്ചു. വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് അനിൽകുമാർ കൊളത്തൂർ അദ്ധ്യക്ഷത വഹിച്ചു.

Summary: The elderly training center built near Karalipalam by Totannoor Block Panchayat has been in the dark for six months; Congress-led dharna strike demanding restoration of electricity