സംസ്ഥാനത്തെ നഴ്‌സറി സ്‌കൂളുകൾക്ക് നിയന്ത്രണം കൊണ്ടുവരും; കാപ്പിറ്റേഷൻ വാങ്ങുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്


തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സറി സ്‌കൂളുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ വിദ്യാഭ്യാസ വകുപ്പ്. ആർക്കും ഒരു വീടെടുത്ത് സ്‌കൂൾ തുടങ്ങാവുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എന്താണ് അവർ പഠിപ്പിക്കുന്നതെന്ന് പോലും അറിയില്ല. അത്തരം സ്‌കൂളുകളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.

സിലബസിൽ നിയന്ത്രണം കൊണ്ടുവരും. അഞ്ച് ലക്ഷം രൂപ വരെ കാപ്പിറ്റേഷൻ വാങ്ങുന്ന സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ട്. അത്തരം സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി മന്ദിരത്തിൽ വിദ്യാരംഭ ചടങ്ങുകൾക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം സ്ഥാപനങ്ങളിലെ അധ്യാപകരുടെ യോഗ്യത നിശ്ചയിക്കുന്നത് ആരാണെന്നും മന്ത്രി ചോദിച്ചു. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ ഓരോ ഭാഗവും പരിശോധിക്കും. കേന്ദ്രസർക്കാർ സ്‌കൂളുകൾ പോലും സംസ്ഥാനത്തിന്റെ എൻ.ഒ.സി വാങ്ങി പ്രവർത്തിക്കുമ്പോഴാണ് ഇവിടെ ചിലർക്ക് അതൊന്നും വോണ്ടാത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.