‘സാർ ഞാൻ മോഷണത്തിൽ നിന്ന് വിരമിക്കുകയാണ്’, മോഷണം നിര്‍ത്തുകയാണെന്ന് ഡി.വൈ.എസ്.പിയോട് അറിയിക്കാനെത്തി,ഇരുന്നൂറിലധികം കേസുകളില്‍ പ്രതിയായിട്ടുള്ള യുവാവ് ചെങ്ങന്നൂരില്‍ അറസ്റ്റില്‍


ചെങ്ങന്നൂര്‍: താന്‍ മോഷണം നിര്‍ത്തുകയാണെന്ന് ഡി.വൈ.എസ്.പിയെ കണ്ട് പറയാനെത്തിയ യുവാവ് ചെങ്ങന്നൂരില്‍ അറസ്റ്റില്‍. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടില്‍ തോമസ് കുര്യാക്കോസ് (ബിനു തോമസ് 31) ആണ് അറസ്റ്റിലായത്.

ബൈക്ക് മോഷണം അടക്കം ഇരുന്നൂറിലധികം കേസുകളില്‍ പ്രതിയാണ് ഇയാള്‍. രണ്ടു ബൈക്ക് മോഷണക്കേസുകളിലാണ് അറസ്റ്റ്. കഴിഞ്ഞ 27 ന് രാത്രി ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ ചെറുകര മോടിയില്‍ പ്രശാന്തിന്റെ ഹീറോ ഹോണ്ട പാഷന്‍ പ്ലസ്, പത്തനംതിട്ട വാര്യാപുരം ഭാഗത്ത് നിന്ന് കെ എല്‍ 62 സി 892 നമ്പര്‍ ബൈക്ക് എന്നിവയാണ് മോഷ്ടിച്ചത്.

മുന്‍പ് പല തവണ ഡിവൈ.എസ്.പി ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മാല മോഷണക്കേസില്‍ റിമാന്‍ഡിലായിരുന്ന ബിനു കഴിഞ്ഞ 21 നാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ രണ്ടു ബൈക്ക് മോഷ്ടിച്ചു.

പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് മോഷണം തുടങ്ങിയ ആളാണ് ബിനു തോമസ്. അന്ന് പല തവണ ഇയാളെ അറസ്റ്റ് ചെയ്തത് ഇന്‍സ്പെക്ടര്‍ ആയിരുന്ന ജോസ് ആണ്. അതുകൊണ്ടു തന്നെ അവസാനത്തെ രണ്ടു ബൈക്ക് മോഷണത്തിന് ശേഷം വിരമിക്കുകയാണെന്ന കാര്യം അദ്ദേഹത്തോട് പറയാന്‍ തീരുമാനിക്കുകയായിരുന്നു.