പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് കടമേരി സ്വദേശി മരിച്ച സംഭവം; വാഹനം ഓടിച്ചവരുടെ ലൈസൻസും അപകടത്തിനിടയാക്കിയ ബെൻസ് വാഹനത്തിന്റെ ആർസിയും റദ്ധാക്കും


കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് കടമേരി സ്വദേശി ആൽവിൻ മരിച്ച സംഭവത്തിൽ വാഹനം ഓടിച്ച രണ്ട് പേരുടെയും ലൈസൻസ് റദ്ധാക്കും. ഉടമ സാബിത്, ജീവനക്കാരൻ റയീസ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. രണ്ടു പേർക്കും മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.

ആൽവിനെ ഇടിച്ച ബെൻസ് കാറിന് ഇൻഷുറൻസ് ഇല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ സാബിതിന് നിർദേശം നൽകി. ബെൻസ് കാറിന്റെ ആർസിയും റദാക്കും. ചൊവ്വാഴ്ച രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡിൽ വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപം അപകടം നടന്നത്.

ആൽവിൻ മുമ്പ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണൽ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്. സ്വകാര്യ സ്ഥാപനത്തിൻറെ ഉടമ സാബിത്തിന്റെയും ബന്ധുവിൻറേയും വാഹനമാണ് വീഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ചത്. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ മനഃപൂർവ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്.