‘റോഡിന് സമീപമുണ്ടായിരുന്ന ആൾ കാറിന് കൈകാണിച്ച് വണ്ടി നിർത്തിച്ചു, തീപിടിച്ചെന്നും പറഞ്ഞ് അയാൾ എന്നെ കാറിൽ നിന്ന് പെട്ടെന്ന് പുറത്തേക്കിറക്കി’; വടകരയിൽ ഓടിക്കൊണ്ടിരിക്കെ തീപ്പിടിച്ച കാറിൽ നിന്നും ഡ്രൈവർ രക്ഷപ്പെട്ടത് നാട്ടുകാരന്റെ സമയോചിതമായ ഇടപെടലിൽ
വടകര: ദേശീയപാതയിൽ വടകരയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപ്പിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഡ്രൈവർ രക്ഷപ്പെട്ടത് നാട്ടുകാരന്റെ സമയോചിതമായ ഇടപെടലിൽ. കാറിന്റെ ബോണറ്റിൽ നിന്ന് തീ ഉയരുന്നത് കണ്ട് റോഡിന് സമീപമുണ്ടായിരുന്ന ഒരു ആൾ കാറിന് കൈ കാണിച്ച് വണ്ടി നിർത്തിച്ചു. തീപ്പിടിച്ചെന്ന് പറഞ്ഞ് പെട്ടെന്ന് കാറിൽ നിന്ന് തന്നെ പുറത്തിറക്കുകയായിരുന്നെന്ന് കൃഷ്ണമണി വടകര ഡോട് ന്യൂസിനോട് പറഞ്ഞു.
കരിമ്പന പാലത്തിൽ നിന്ന് എണ്ണ അടിച്ചു വീട്ടിലേക്കു പോവുകയായിരുന്നു.. പുതിയ ബസ് സ്റ്റാൻഡിനു തൊട്ടടുത്തു എത്തിയപ്പോഴായിരുന്നു സംഭവം. ഒരു വാഹനം എന്റെ പിന്നിൽ നിന്ന് അപായ സൂചന പോലെ വല്ലാതെ ഹോൺ അടിച്ചു കടന്ന് പോയി. അതിനു ശേഷമാണ് ഒരാൾ വന്ന് കാർ കൈ കാണിച്ചു നിർത്തിച്ചതെന്ന് കൃഷ്ണമണി പറഞ്ഞു. പുറത്തിറങ്ങിയപ്പോൾ കാറിൽ നിന്ന് തീ ഉയരുന്നുണ്ടായിരുന്നു.
സമീപത്തുള്ള ആളുകളെല്ലാം ഓടിക്കൂടി തീ അണയ്ക്കാൻ ശ്രമിച്ചു. ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ പൂർണമായും അണച്ചത്. കാർ മുഴുവനായും കത്തി നശിച്ചു. അതിനുള്ളിൽ തന്റെ കുറച്ചു രേഖകളും ചെറിയൊരു തുകയും ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഫയർ റെസ്ക്യൂ ഓഫീസർ ബിജു എ യുടെ നേതൃത്വത്തിൽ സുബൈർ, മുനീർ അബ്ദുള്ള, വിജീഷ് കെഎം , സാംരഗ് എസ് ആർ എന്നിവരടങ്ങിയ ടീമാണ് തീ അണച്ചത്. പോലിസെത്തി കാർ കാർ സ്ഥലത്ത് നിന്ന് മാറ്റി.