പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ടിൽ ആധുനിക സ്റ്റേഡിയം എന്ന സ്വപ്നം ഇനിയും ഏറെ അകലെ; പെരുമാൾപുരം ക്ഷേത്രവും സ്കൂളും തമ്മിലുള്ള തർക്കം പരിഹരിക്കാനായി പി.ടി ഉഷ എം.പി വിളിച്ച യോഗം അലസിപ്പിരിഞ്ഞു


പയ്യോളി :പയ്യോളി ഹൈസ്ക്കൂൾ മൈതാനത്ത് ആധുനിക രീതിയിലുള്ള ഒരു സ്റ്റേഡിയം നിർമ്മിക്കാനുള്ള രാജ്യസഭാംഗം പി.ടി. ഉഷയുടെ ശ്രമങ്ങൾ തൽക്കാലം എങ്ങുമെത്താതെയായി. എം പി വിളിച്ചു ചേർത്ത യോഗം വാക്ക് തർക്കത്തിലെത്തുകയും, അലസിപിരിയുകയും ആയിരുന്നു.

തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് മുന്നോടിയായി പെരുമാൾ പുരം ശിവക്ഷേത്ര പരിപാലന സമിതിയും പയ്യോളി ഹൈസ്കൂൾ പി.ടി.എ. കമ്മിറ്റിയും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന ഭൂമി തർക്കം പരിഹരിക്കുവാൻ വേണ്ടി ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്വവസതിയിൽ ഇരു വിഭാഗത്തെയും വിളിച്ച് ചേർത്ത് എം.പി. ചർച്ച നടത്തിയിരുന്നു.

ഇരു വിഭാഗവും സാദ്ധ്യമായ വിട്ടുവീഴ്ച്ചക്ക് തയ്യാറാണെന്ന സൂചനയിൽ മറ്റൊരു ദിവസം കൂടുതൽ ചർച്ചയാവാമെന്ന് പറഞ്ഞ് പിരിഞ്ഞത് നാടിന് ഏറെ ആശ്വാസവും പ്രതീക്ഷയും നൽകിയിരുന്നു. എന്നാൽ ബുധനാഴ്ച വൈകീട്ടോടെ വീണ്ടും ചേർന്ന യോഗത്തിൽ രൂപരേഖ അവതരിപ്പിച്ചു. എന്നാൽ ഇരുവിഭാഗവും നടത്തിയ വാക്ക് തർക്കത്തിനൊടുവിൽ കാര്യങ്ങൾ ഒന്നും തീരുമാനമാകാതെ അലസിപ്പിരിഞ്ഞു.

ചുറ്റുമതിൽ നിർമാണത്തിനായി ക്ഷേത്രത്തിനു ചുറ്റും 20 മീറ്റർ ദൂരത്തിൽ സ്ഥലം വിട്ടു നൽകി ഭൂമി തർക്കം പരിഹരിക്കാനും, അതുവഴി സ്വപ്ന പദ്ധതി യാഥാർഥ്യമാക്കുന്നതിനുമായുള്ള രൂപ രേഖയാണ് അവതരിപ്പിച്ചത്. ക്ഷേത്ര കമ്മിറ്റി വളരെകാലമായി ആവശ്യപ്പെട്ടിരുന്ന സ്ഥലത്ത് നിന്നുള്ള പിന്മാറ്റമായിരുന്നു ഇത്.

അവർ മുമ്പ് പറഞ്ഞിരുന്ന 44.8 കോലിന് 27 മീറ്റർ വേണമായിരുന്നു. എന്നാൽ 20 മീറ്ററിനെയും അംഗീകരിക്കാൻ സ്കൂൾ അധികൃതർ തയ്യാറായില്ല. നിലവിലുള്ള അവസ്ഥയിൽ സ്റ്റേഡിയം നിർമ്മിക്കാം എന്നും ക്ഷേത്രത്തിന് ഭൂമി അനുവദിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും സ്കൂൾ അധികൃതർ നിലപാട് എടുത്തു. തുടർന്ന് ചർച്ച നേരിയ ബഹളത്തിലേക്കെത്തുകയും എം എൽ എ യോഗത്തിൽ നിന്നും ഇറങ്ങിപോവുകയുമായിരുന്നു.

സ്കൂൾ ക്ഷേത്രം ഭൂമി തർക്കം പരിഹരിക്കപ്പെടുകയാണെങ്കിൽ പയ്യോളിക്ക് രാജ്യാന്തര നിലവാരത്തിലുള്ള സിന്തറ്റിക് സ്റ്റേഡിയവും വോളിബോൾ ഫുട്ബോൾ ബാസ്ക്കറ്റ് ബോൾ ഫീൽഡുകളും, നിലവിൽ തർക്കം നിലനിൽക്കുന്ന ഹൈസ്കൂൾ മൈതാനത്തിലേക്ക് കൊണ്ടുവരുമെന്നും, ക്ഷേത്രക്കുളവും പഴയ പ്രതാപത്തിലേക്ക് എത്തിക്കുമെന്നും എം പി ഉറപ്പ് നൽകിയിരുന്നു.

അതേസമയം നിർദ്ദിഷ്ട പദ്ധതി ഉപേക്ഷിക്കില്ലെന്നും മറ്റു വഴികൾ തേടുമെന്നും എം.പി. യുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. യോഗത്തിൽ പി.ടി ഉഷ എം.പി, കാനത്തിൽ ജമീല എം.എൽ.എ , തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, വെങ്ങാലിൽ ശ്രീനിവാസൻ , എ.കെ. ബൈജു , ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, പി.ടി.എ കമ്മറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.