വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; പേരുചേര്‍ക്കാന്‍ ചെയ്യേണ്ടത്


തിരുവനന്തപുരം: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2025ന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ള 9 നിയമസഭാ നിയോജക മണ്ഡലങ്ങള്‍ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍ (www.ceo.kerala.gov.in) കരട് വോട്ടര്‍ പട്ടിക വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകള്‍ക്കായി താലൂക്ക് ഓഫീസുകളിലും, വില്ലേജ് ഓഫീസുകളിലും, ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും കരട് വോട്ടര്‍ പട്ടിക ലഭിക്കുന്നതാണ്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍ നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താവുന്നതാണ്.

കരട് പട്ടികയിന്‍മേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും നവംബര്‍ 28 വരെ സമര്‍പ്പിക്കാമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രണബ്ജ്യോതി നാഥ് അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനും മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കുന്നതിനും അപേക്ഷകള്‍ ഇക്കാലയളവില്‍ സമര്‍പ്പിക്കാവുന്നതാണ്.

voters.eci.gov.in എന്ന വെബ്‌സൈറ്റ് വഴിയോ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം. 17 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിച്ച ശേഷം, ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നീ നാല് യോഗ്യതാ തീയതികളില്‍ എന്നാണോ 18 വയസ് പൂര്‍ത്തിയാകുന്നത്. ആ യോഗ്യതാ തീയതിയില്‍ അപേക്ഷ പരിശോധിക്കുകയും അര്‍ഹത അനുസരിച്ച് വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. 2025 ജനുവരി 6ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 2025 ജനുവരി 1 യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.

Summary: The draft voter list was published as part of the revision of the voter list