കോഴിക്കോട് ജില്ലയില്‍ കനത്ത മഴയ്ക്കും ഉരുള്‍പൊട്ടലിനും സാധ്യത; മുന്‍കരുതല്‍ നടപടികള്‍ എടുക്കണം; വേണം കനത്ത ജാഗ്രത
പേരാമ്പ്ര: മഴ കനത്തതോടെ കാത്തിരിക്കുന്നത് ആശങ്കയുടെ നാളുകൾ. ജില്ലയില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാലും ഉരുള്‍പൊട്ടല്‍ സാധ്യത നിലനിൽക്കുന്നതിനാലും മുഴുവന്‍ ദുരന്ത നിവാരണ അടിയന്തിര കണ്‍ട്രോള്‍ റൂമുകളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ അവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി.
ജില്ലാ ദുരന്ത നിവാരണ അടിയന്തര കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ എല്ലാ താലൂക്ക് ഓഫീസുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും കണ്‍ട്രോള്‍ റൂം 24 മണിക്കൂര്‍ പ്രവര്‍ത്തന ക്ഷമമായിരിക്കണം എന്നാണ് ഉത്തരവ്. ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള എല്ലാ അവധി ദിവസങ്ങളിലും ജില്ലയിലെ എല്ലാ ടി.ഇ.ഒ.സികളിലും ഒരു ജൂനിയര്‍ സൂപ്രണ്ട് ഉള്‍പ്പെടെ രണ്ടുപേര്‍ ഡ്യൂട്ടിയിലുണ്ടാവണം.
പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക സാധ്യതയുള്ള വില്ലേജുകളിലെയും വില്ലേജ് ഓഫീസര്‍മാര്‍ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവർ നിര്‍ബന്ധമായും സ്റ്റേഷന്‍ പരിധിയില്‍ തന്നെ ഉണ്ടാവണം, ഇത് അതത് തഹസില്‍ദാര്‍മാര്‍ ഉറപ്പു വരുത്തുകയും വേണം. അവധി ദിവസങ്ങളില്‍ സ്ഥലത്തില്ലാത്ത വില്ലേജ് ഓഫീസര്‍മാര്‍ക്ക് പകരമായി ഏതെങ്കിലും വില്ലേജ് ഉദ്യോഗസ്ഥര്‍ക്ക് തഹസില്‍ദാര്‍ ചാര്‍ജ് നല്‍കണമെന്നും ഉത്തരവിൽ അറിയിച്ചു.
ഓണം ആഘോഷങ്ങളുടെയും അവധിയുടെയും നാളുകളാണെങ്കിലും വേണം അതീവ കരുതൽ.
summary: the district collector has issued a warning as there is a possibility of heavy rain and landslides in kozhikode district