വടകര-വില്ലാപ്പള്ളി-ചേലക്കാട് റോഡിലെ ശോചനീയാവസ്ഥയ്ക്ക് പരിഹരമാകുന്നു; പുനരുദ്ധാരണ പ്രവർത്തികൾ ഉടൻ ആരംഭിക്കും


വടകര: വടകര-വില്ലാപ്പള്ളി-ചേലക്കാട് റോഡിലെ ശോചനീയാവസ്ഥയ്ക്ക് പരിഹരമാകുന്നു. റോഡ് പുനരുദ്ധാരണ പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്ന് കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വടകര വില്യാപ്പള്ളി ചേലക്കാട് റോഡിലെ , അക്ലോത്ത് നട, മയ്യന്നൂർ,വില്യാപ്പള്ളി ടൗണിൽ ഉൾപ്പെടെ റോഡ് തകരാറിലായി ഗതാഗതത്തിന് നേരിടുന്ന പ്രയാസം കോഴിക്കോട് നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മത് കുട്ടി ഉന്നയിച്ചിരുന്നു.

ഇതിന് മറുപടിയായി 30 ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും,കരാർ നടപടികൾ പൂർത്തിയാക്കി ഉടൻതന്നെ പ്രവൃത്തി ആരംഭിക്കുമെന്നും കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തിൽ അറിയിച്ചു. കുറ്റ്യാടി ടൗണിൽ നിന്നും 740 മീറ്റർ തൊട്ടിൽപ്പാലം ഭാഗത്തേക്കുള്ള ബിഎംബിസി റോഡ് പ്രവർത്തി മഴയുടെ തീവ്രത കഴിയുന്ന ഉടനെ ചെയ്യുമെന്ന് യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറും അറിയിച്ചു.

ജലജീവൻ മിഷന്റെ ഭാഗമായി നിരവധി റോഡുകളിൽ പൈപ്പ് ലൈൻ കുഴിച്ചിട്ട ഭാഗങ്ങൾ തകരാറിലായ വിഷയവും യോഗത്തിൽ എം എൽ എ കെ പി കുഞ്ഞമ്മത് കുട്ടി ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ജലജീവൻ മിഷന്റെ ഭാഗമായി പൈപ്പ് ലൈൻ ഇട്ട റോഡുകൾ പുനരുദ്ധരിക്കാൻ തദ്ദേശ വകുപ്പ് ജോയിൻ ഡയറക്ടർ ഇടപെടണമെന്നും വാട്ടർ അതോറിറ്റിയുമായി സംയുക്ത യോഗം ചേർന്ന് നടപടികൾ സ്വീകരിക്കണമെന്നും ഡിഡിസി യോഗത്തിൽ തീരുമാനിച്ചു.

എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ അനുവദിച്ച 53 സ്ഥലങ്ങളിൽ മിനിമാസ് ലൈറ്റ് സ്ഥാപിക്കാനുള്ള പ്രവർത്തിയുടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് ഉടനെതന്നെ പ്രവൃത്തി ആരംഭിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തിൽ അറിയിച്ചു.