തകർന്ന വിലങ്ങാട് ടൗണിലെ പാലം പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു; പാലത്തിന് കൈവരികെട്ടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു


വിലങ്ങാട് : ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപാച്ചിലിൽ തകർന്ന വിലങ്ങാട് ടൗണിലെ പാലം പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലം പുതുക്കിപ്പണിയാതെ കൈവരി നിർമ്മിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.

പൊതുമാരാമത്ത് വകുപ്പ് ജീവനക്കാർ ഇന്നലെയാണ് വിലങ്ങാട് ടൗണിലെ പാലത്തിന് കൈവരികെട്ടാനെത്തിയത്. എന്നാൽ നാട്ടുകാർ സം​ഘടിച്ചെത്തി ഇത് തട‍ഞ്ഞു. പുതിയ പാലം നർമ്മിക്കാതെ കൈവരികെട്ടി പാലം നിലനിർത്താനാണ് പൊതുമരാമത്ത് വകുപ്പ് ശ്രമിക്കുന്നതെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ സം​ഘടിച്ചെത്തിയത്.

പാലത്തിന്റെ ഒരു ഭാഗം മലവെള്ളപ്പാച്ചിലിൽ ഒലിച്ച് പോയിരുന്നു. വാഹനങ്ങൾക്ക് കടന്ന് പോകാവുന്ന വിധത്തിൽ ഇവിടെ നാട്ടുകാർ താത്ക്കാലികമായി കല്ലിട്ട് നിരത്തിയിരുന്നു. എന്നാൽ ശക്തമായ മഴ വന്നാൽ ഈ ഭാഗം ഒലിച്ച് പോകുമെന്ന സ്ഥിതിയാണ്. നരിപ്പറ്റ പഞ്ചായത്തിനേയും വിലങ്ങാടിനേയും ബന്ധിപ്പിക്കുന്ന പാലമാണിത്.