ബൈപ്പാസ് മുറിച്ച് കടക്കാൻ ബുദ്ധിമുട്ട് ; പേരാമ്പ്ര ചിരുതകുന്ന് റോഡിലേക്ക് മുറിച്ച് കടക്കാൻ സീബ്ര ലൈനും സ്പീഡ് ബ്രേക്കറും വേണമെന്ന ആവശ്യം ശക്തം


പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് റോഡ് മുറിച്ചു കടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ സീബ്ര ലൈനും സ്പീഡ് ബ്രേക്കറും വേണമെന്ന് ആവശ്യം ശക്തം. ബൈപ്പാസിൽ വാസുദേവൻ ഡോക്ടറുടെ ക്ലിനിക്കിന്റെ ഭാഗത്ത്‌ നിന്ന് ചിരുതകുന്ന് ഭാഗത്തേക്കാണ് കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ബൈപ്പാസിൽ ഈ സ്ഥലത്തിന് മുമ്പുള്ള വലിയ വളവും പ്രയാസം സൃഷ്ടിക്കുന്നു.

വേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് വളവ് കാരണം റോഡ് മുറിച്ച് കടക്കുന്നതും മറ്റും കാണാൻ സാധിക്കില്ല. സ്കൂൾ തുറന്നാൽ കുട്ടികൾ ഈ റോഡ് മുറിച്ച് കടന്നാണ് ദിവസേന സ്കൂളിൽ പോകേണ്ടത്. പേരാമ്പ്ര ടൗൺ റോഡിൽ ബ്ലോക്ക് ഉണ്ടാകുമ്പോൾ കുറ്റ്യാടി-കോഴിക്കോട് ബസ്സുകളും ഇത് വഴിയാണ് പോകുന്നത്. ഇത് അപകട സാധ്യത കൂട്ടുന്നു.

അതിനാൽ സ്കൂൾ തുറക്കുന്നതിന് മുമ്പ് സീബ്ര ലൈൻ വരയ്ക്കാനും സ്പീഡ് ബ്രേക്കർ സ്ഥാപിക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. സുരക്ഷ മുൻനിർത്തി അധികൃതർ ഉടൻ തന്നെ നടപടി സ്വീകരിക്കണമെന്ന് തരംഗം ആർട്സ് ആന്റ് സ്‌പോർട്സ് ഭാരവാഹികളും പ്രദേശവാസികളും ആവശ്യപ്പെട്ടു.