വയനാട് യുവതിയെ ആക്രമിച്ചു കൊലപ്പെടുത്തിയത് നരഭോജി കടുവ; വെടിവച്ച് കൊല്ലാൻ തീരുമാനം, ആക്രമകാരിയായ വന്യമൃഗത്തെ വെടിവെക്കാൻ ഉത്തരവ് ഇടുന്നത് കേരള ചരിത്രത്തിലെ ആദ്യ നടപടിയെന്ന് വനം വകുപ്പ് മന്ത്രി


കൽപറ്റ: വയനാട് പഞ്ചാരക്കൊല്ലിയിൽ യുവതിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് വെടിവെക്കാൻ ഉത്തരവ് നൽകുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. പട്രോളിങിനിടെ വനം വകുപ്പ് ജീവനക്കാരനെ കടുവ ആക്രമിച്ച സാഹചര്യവും പരിഗണിച്ചാണ് നരഭോജി കടുവയെ അനുയോജ്യമായ സാഹചര്യത്തിൽ വെടിവയ്ക്കാൻ ഉന്നതല യോഗത്തിൽ തീരുമാനിച്ചത്.

തുടർച്ചയായി ഒരേ വന്യമൃഗം തന്നെ ആളുകളെ പുറകിൽ നിന്നും ആക്രമിച്ച് കൊല്ലപ്പെടുത്തിയ സാഹചര്യത്തിലാണ് നരഭോജി കടുവയായി പ്രഖ്യാപിച്ച് വെടിവെക്കാൻ തീരുമാനമായതെന്നും മന്ത്രി പറഞ്ഞു. വന- ജനവാസ മേഖലകളിൽ വന്യജീവികളുടെ സഞ്ചാരപാത നിരീക്ഷിക്കാൻ വനം- പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തും. ജനവാസ മേഖലയോട് ചേർന്നുള്ള വനമേഖലകളിലെ അടിക്കാടുകൾ അടിയന്തരമായി വെട്ടിമാറ്റാൻ വനം വകുപ്പിന് നിർദേശം നൽകി.

ആക്രമകാരിയായ വന്യമൃഗത്തെ വെടിവെക്കാൻ ഉത്തരവ് ഇടുന്നത് കേരള ചരിത്രത്തിലെ ആദ്യ നടപടിയാണ്.വന്യജീവികളുടെ ആക്രമണത്തിൽ മനുഷ്യനാശം സംഭവിക്കുന്ന നിരവധി സാഹചര്യങ്ങൾ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. നിലവിലെ വന നിയമങ്ങളിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. വന നിയമങ്ങളും നിബന്ധനകളും മറികടക്കാനുള്ള സാധ്യതകൾ പരിശോധിക്കും.