മരണസംഖ്യ ഇരുന്നൂറിലേയ്ക്ക്; കാണാതായവര്‍ ഇരുനൂറിലധികം, ദുരന്തഭൂമിയായി വയനാട് മുണ്ടക്കൈ ഗ്രാമം


കല്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ആശങ്കയുയര്‍ത്തി മരണസംഖ്യ ഉയരുന്നു. മരണ സംഖ്യ ഇരുനൂറിലേയ്ക്ക് കടക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇതുവരെ 1592 പേരെ രക്ഷപ്പെടുത്തി. 82 ക്യാമ്പുകളിലായി 8107 ആളുകളാണ് കഴിയുന്നത്. മഴ മുന്നറിയിപ്പ് ഉള്ളതിനാല്‍ ജാഗ്രത തുടരണമെന്നാണ് പുതിയ നിര്‍ദേശം.

നിലവില്‍ സ്ഥലത്ത് മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. അനാവശ്യമായി സഹായങ്ങള്‍ വയനാട്ടിലേയ്ക്ക് എത്തിക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 225 പേരാണ് പരിക്കേറ്റ് നിലവില്‍ ചികിത്സയിലുള്ളത്. ഇനിയും 218 പേരെ കണ്ടെത്താനുണ്ടെന്നാണ് ദുരന്തമേഖലയില്‍നിന്ന് ലഭിക്കുന്ന വിവരം.

കരസേനയും വ്യോമസേനയും എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, പോലീസ്, അഗ്‌നിരക്ഷാസേന തുടങ്ങിയവരും നിരവധി സന്നദ്ധപ്രവര്‍ത്തകരും രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രദേശത്ത് കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും മറ്റുസംവിധാനങ്ങളും എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് ശ്രമം. സൈന്യത്തിന്റെ നേതൃത്വത്തില്‍ ബെയ്ലി പാലം നിര്‍മിക്കാനുള്ള നടപടികളും നടക്കുന്നുണ്ട്.