അരിക്കുളത്തെ പന്ത്രണ്ടുവയസുകാരന്റെ മരണം കൊലപാതകമെന്ന് സൂചന; പ്രതി ഉടൻ പിടിയിലായേക്കും


കൊയിലാണ്ടി: ഛർദിയെ തുടർന്ന് അരിക്കുളത്ത് പന്ത്രണ്ടുവയസുകാരൻ മരിച്ച സംഭവത്തിൽ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി വിവരം. ബന്ധുതന്നെയാണ് പ്രതിയെന്നാണ് സൂചന. പ്രതിയുടെതെന്ന് കരുതുന്ന മൊബൈൽ ഫോൺ സൈബർ സെൽ പരിശോധിച്ചു വരുകയാണ്. പ്രതിയെ ഉടൻ അറസ്റ്റുചെയ്യുമെന്നുമുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.

അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായിയാണ് തിങ്കളാഴ്ച ഛർദ്ദിയെ തുടർന്ന് മരിച്ചത്. കോഴിക്കോടെ സ്വാകര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഐസ്ക്രീം കഴിച്ചതിനെ തുടർന്ന് ദേഹാസ്വസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച വെെകീട്ടാണ് കുട്ടി ചികിത്സ തേടുന്നത്. എന്നാൽ തിങ്കളാഴ്ച രാവിലയോടെ മരണപ്പെടുകയായിരുന്നു.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അമോണിയം ഫോസ്ഫറസിൻ്റെ അംശം കണ്ടെത്തിയിരുന്നു. ഇത് മരണത്തിന്റെ ദു​രൂഹത വർദ്ധിപ്പിച്ചു. ഇതെതുടർന്ന് കൊയിലാണ്ടി പോലീസ് നിരവധി പേരിൽ നിന്നും മൊഴി എടുത്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

കുട്ടിയുടെ വീട്ടിൽ ഇന്ന് ഡോ​ഗ് സ്ക്വാഡ് പരിശോധന നടത്തുകയും ബന്ധുക്കളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതോടെ പൊലീസ് വീട്ടിലെത്തി ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിച്ചു. കുട്ടി മരിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, പോലീസ്, ഫോറൻസിക് വിഭാഗം എന്നിവർ ചേർന്ന് അരിക്കുളത്തെ ഐസ്ക്രീം വിറ്റ കടയിൽ നിന്നും സാമ്പിൾ എടുത്ത്പരിശോധിച്ച ശേഷം കട അടപ്പിക്കുകയും ചെയ്തിരുന്നു.

പോസ്റ്റുമോർട്ടത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ ഫോറൻസിക് പരിശോധനാ ഫലം വന്നാൽ മാത്രമാണ് ഇതിൽ കൂടുതൽ വ്യക്തത വരുകയെന്ന് എസ്.ഐ അനീഷ് വടക്കേടത്ത് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് റുറൽ ജില്ലാ പോലീസ് മേധാവി ആർ കറപ്പസാമിയുടെ നേതൃത്വത്തിൽ ഡ.വൈ.എസ്.പി. ആർ.ഹരിപ്രസാദ്, സി.ഐ. കെ.സി.സുബാഷ് ബാബു, എസ്.ഐ അനീഷ് വടക്കേടത്ത്, പി.എം.ശൈലേഷ്, ബിജു വാണിയംകുളം, സി.പി.ഒ.കരീം, ഗംഗേഷ്, വനിതാ സിവിൽ പോലീസ് ഓഫീസർമാരായ ശോഭ, രാഖി, എസ്.സി.പി.ഒ, ബിനീഷ്, തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.