നാദാപുരം വിഷ്ണുമംഗലം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് വളയം സ്വദേശി


വടകര: നാദാപുരം വിഷ്ണുമംഗലം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം ഇടീക്കുന്നുമ്മല്‍ പുലരിയില്‍ റോഷിബ് ബാബു(39)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷ്ണുമംഗലം ബണ്ടിന് താഴെ നൂറ് മീറ്റര്‍ അകലെയായാണ് മൃതദേഹം ഉണ്ടായിരുന്നത്.

രാവിലെ നടത്തിയ തെരച്ചില്‍ നാട്ടുകാരും നാദാപുരം ഫയര്‍ ഫോഴ്‌സ് അംഗങ്ങളുമാണ് മൃതദേഹം കണ്ടത്. വളയം ടൗണില്‍ പ്രവര്‍ത്തിക്കുന്ന റിയാല്‍ കിഡ്‌സ് ജ്വല്ലറി ഉടമയാണ് മരിച്ച റോഷിബ്.

ഇന്നലെ രാത്രി 10.30ഓടെയാണ് പാലത്തിന് മുകളില്‍ നിന്ന് ഒരു യുവാവ് ചാടുന്നത് ഇതുവഴി പോയ കാര്‍ യാത്രക്കാര്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രാത്രി തന്നെ തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്നലെ ഏറെ നേരം കഴിഞ്ഞതോടെ തെരച്ചില്‍ നിര്‍ത്തിവെച്ചു.

ഇന്ന് രാവിലെ സ്‌കൂബ ഡൈവേഴ്‌സിന്റെ നേതൃത്വത്തില്‍ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. പാലത്തിന് സമീപത്തായി ഇയാളുടെ കാറും മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അച്ഛന്‍: ഇടീക്കുന്നുമ്മല്‍ ബാബു. അമ്മ: രാധ.

Description: The dead body of the youth who jumped into Vishnumangalam river was found