യാത്രക്കാര്‍ക്ക് ഭീഷണിയായി നടുവണ്ണൂരിലെ അപകട വളവ്; വളവ് നിവര്‍ത്തുന്നതില്‍ അധികൃതര്‍ക്ക് അനാസ്ഥയെന്ന് നാട്ടുകാര്‍
നടുവണ്ണൂർ: സംസ്ഥാനപാതയിൽ നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ് സ്റ്റോപ്പിനടുത്തുള്ള അപകടവളവ് നിവര്‍ത്താതെ അധികൃതര്‍ അനാസ്ഥകാണിക്കുന്നതായി നാട്ടുകാരുടെയും യാത്രികരുടെയും ആക്ഷേപം. അപകടവളവ് നിവർത്താൻ പൊതുമരാമത്ത് ഫണ്ട് അനുവദിച്ച് മൂന്നു വർഷമായിട്ടും തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്ന തരത്തിലും ആരോപണമുയരുന്നുണ്ട്.
കഴിഞ്ഞ ഇടതു സർക്കാരിന്റെ അവസാന കാലത്ത് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിർദേശ പ്രകാരം പിഡബ്ലൂഡി എൻജിനീയർമാർ സ്ഥലം സന്ദർശിക്കുകയും 36 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി റോഡ് സേഫ്റ്റി അതോറിറ്റിക്ക് സമർപ്പിക്കുകയും ചെയ്തിരുന്നെങ്കിലും അതുവഴി ഫണ്ട് അനുവദിച്ച് കിട്ടിയിട്ടില്ലെന്നാണ് പേരാമ്പ്ര പിഡബ്ലൂഡി ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം. പ്രദേശത്തെ വളവ് നിവര്‍ത്താനുള്ള പ്രപ്പോസല്‍ അല്ല സമര്‍പ്പിച്ചതെന്നും പുതുതായി സ്ഥലം ഏറ്റെടുക്കാതെ നിലവിലുള്ള റോഡിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്താനുള്ള സംവിധാനങ്ങളാണ് പ്രപ്പോസല്‍ മുന്നോട്ട് വെച്ചതെന്നും പേരാമ്പ്ര പിഡബ്ലൂഡി വിഭാഗം പേരാമ്പ്ര ന്യൂസ് ഡോട്കോമിനോട് വ്യക്തമാക്കി.
സംസ്ഥാനത്തെ ഗതാഗത സൗകര്യ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനുള്ള ഫണ്ടിംഗ് ഏജൻസിയായ കേരളാ റോഡ് ഫണ്ട് ബോര്‍ഡ് മുഖാന്തരം ഉള്ള്യേരി മുതല്‍ കുറ്റ്യാടി വരെയുള്ള റോഡുകളില്‍ വികസനപ്രവൃത്തി നടക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും അത് നടപ്പിലായാല്‍ അപകടവളവിന്റെ പ്രശ്നം പരിഹരിക്കപ്പെടുമെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട പ്രപ്പോസല്‍ പരിശോധിച്ച് പ്രാരംഭഘട്ട വിലയിരുത്തല്‍ നടന്നുവരുന്നതേയുള്ളൂ എന്നാണ് കെആര്‍എഫ്ബിയില്‍ നിന്ന് കിട്ടുന്ന വിവരം.
പാവങ്ങാടു മുതൽ കുറ്റ്യാടി വരെ സംസ്ഥാന പാതയിൽ അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1373 വാഹനാപകടങ്ങളിലായി 82 പേർ മരിക്കുകയും 795 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് വിവരാവകാശ രേഖ സാക്ഷ്യപ്പെടുത്തുന്നത്. എത്രയും പെട്ടന്ന് അപകടവളവ് നിവര്‍ത്തി യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുന്നുണ്ട്.