വായനയുടെ വാക്കിന്റെ വരയുടെ വടകരയുടെ ഉത്സവത്തിന് തിരശീലയുയർന്നു; കാൻ ഫെസ്റ്റിവെൽ ഗ്രാൻപ്രി അവാർഡ് ജേതാവ് ദിവ്യപ്രഭ ഉദ്ഘാടനം ചെയ്തു
വടകര: സഫ്ദർ ഹാഷ്മി നാട്യ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വ’ പുസ്തകോത്സവത്തിന് തിരശീലയുയർന്നു. മുൻസിപ്പൽ പാർക്കിൻ്റെ മുൻവശത്തെ കഥാകൃത്ത് പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ വീടു നിന്ന സ്ഥലത്തെ കെട്ടിടത്തിലെ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനത്തോടെയാണ് വ ഫെസ്റ്റിന് തിരശീലയുയർന്നത്. കാൻ ഫെസ്റ്റിവെൽ ഗ്രാൻപ്രി അവാർഡ് ജേതാവ് ദിവ്യപ്രഭ ഉദ്ഘാടനം ചെയ്തു.
വായനയും സിനിമയും നാട്ടു നന്മകളുടെ അരങ്ങായി മാറണമെന്ന് ദിവ്യ പ്രഭ പറഞ്ഞു. ദിവ്യ പ്രഭയ്ക്കുള്ള വടകരയുടെ ആദരം കെ.കെ രമ എം.എൽ.എ സമർപ്പിച്ചു. സംഘാടക സമിതി ചെയർമാൻ പി.സി രാജേഷ് വടകരയിലെ മുൻ നഗരസഭ ചെയർമാൻ അഡ്വ.കെ.രഘുനാഥിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ജന. കൺവീനർ കെ.ബിനുകുമാർ വ ഫെസ്റ്റിൻ്റെ രൂപരേഖ അവതരിപ്പിച്ചു.
മൂന്നു പതിറ്റാണ്ടായി വടകരയുടെ നാട്ടരങ്ങുകളിൽ വാക്കും വരകളുമായി സജീവമായ സഫ്ദർ ഹാഷ്മി നാട്യസംഘം മാതൃഭൂമിയുമായി ചേർന്നു നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവമായ വ ഫെസ്റ്റ് 17 മുതൽ 22 വരെയാണ് വടകര മുൻസിപ്പൽ പാർക്കിൽ നടക്കുക. ഓരോ ദിവസവും കഥ, കവിത, ചിത്രരചന, തിരക്കഥ രചന എന്നിവയിൽ ക്യാംപുകൾ നടക്കും. പ്രഗത്ഭരായ സാഹിത്യ നായകരും സിനിമാ പ്രവർത്തകരും ഒത്തുചേരുന്ന കലാസന്ധ്യകൾ അരങ്ങേറും.