വടകരയിലെ കലാ സാംസ്ക്കാരിക പരിപാടികൾക്ക് ഇനി പുത്തൻ നിറം; സാംസ്ക്കാരിക ചത്വരം 19 ന് നാടിന് സമർപ്പിക്കും


വടകര: ബി എം ഹയർസെക്കൻഡറി സ്കൂളിന് സമീപം പണി പൂർത്തീകരിച്ച സാംസ്കാരിക ചത്വരം 19 ന് വൈകീട്ട് നാടിന് സമർപ്പിക്കും . ചലച്ചിത്ര അക്കാദമി വികസന കോർപ്പറേഷൻ ചെയർമാൻ ശ്രീ ഷാജി എൻ കരുൺ ഉദ്ഘാടനം നിർവഹിക്കും. വടകരയുടെ കലാ സാംസ്കാരിക രംഗത്തിന് ഉണർവേകാൻ ബി.എഡ്. സെൻററുണ്ടായിരുന്ന സ്ഥലത്താണ് സാംസ്കാരികചത്വരം ഒരുങ്ങുന്നത്. നഗരസഭ വകയിരുത്തിയ 50 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവൃത്തികൾ പൂർത്തിയാക്കിയത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഒക്ടോബർ 20, 21 തീയതികളിൽ വടകരയിലെ കലാസാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ കലാപരിപാടികളും അരങ്ങേറും. ഉദ്ഘാടനം വിജയിപ്പിക്കുന്നതിനോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരിച്ചു. ന​ഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു.

വടകര ടൗൺ ഹാളിൽ നടന്ന യോ​ഗത്തിൽ മുഴുവൻ പേരും ജനറൽ കമ്മിറ്റി അം​ഗങ്ങളായാണ് സംഘാടക സമിതി രൂപീകരിച്ചത്. സംഘാടക സമിതി ചെയർമാനായി ന​ഗര സഭാ ചെയർപേഴ്സണേയും കൺവീനറായി മുൻസിപ്പൽ സെക്രട്ടറിയേയും തെരഞ്ഞെ‌ടുത്തു. വൈസ് ചെയർമാൻ വി കെ സതീശൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, രാഷ്ട്രീയപാർട്ടി നേതാക്കന്മാർ, കൗൺസിലർമാർ, കലാസാംസ്കാരിക അക്കാദമി കമ്മിറ്റി അംഗങ്ങൾ, വടകരയിലെ കച്ചവടക്കാർ, നഗരസഭ ഉദ്യോഗസ്ഥന്മാർ , കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു