പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഒരു ദിവസം മാത്രം ബാക്കി, അത്തറിന്റെയും പുതുപുത്തന്‍ വസ്ത്രങ്ങളുടെയും മണം നിറയേണ്ട വീട് ഒരു നിമിഷം കൊണ്ട് മരണവീടായി; കോട്ടക്കടവിലെ വിനോദന് നാടിന്റെ യാത്രാമൊഴി


വടകര: എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു കോട്ടക്കടവ് കാതിയാര്‍ വയലില്‍ വിനോദന്‍ പ്രവാസജീവിതം തെരഞ്ഞെടുത്തത്. ഒടുവില്‍ പ്രവാസം ജീവിതം അവസാനിപ്പിച്ച് തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കയായിരുന്നു. വിനോദന്‍ നാട്ടിലേക്ക് വരുന്ന സന്തോഷത്തിലായിരുന്നു കുടുംബം. ഇതിനിടെയാണ് ഞായറാഴ്ച രാത്രിയോടെ സങ്കടവാര്‍ത്ത എത്തുന്നത്.

ഒമാനിൽ റൂവി, ഹോണ്ട റോഡില്‍ ബില്‍ഡിങ് മെറ്റീരിയല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇതിനെടെയാണ് താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ആദ്യം സുഖമില്ലാതെ വിനോദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നായിരുന്നു വീട്ടുകാരോട്‌ വിവരം നല്‍കിയത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഭാര്യ സിന്ധുവിനോട് പ്രിയപ്പെട്ടവന്‍ ഇനിയില്ലെന്ന വിവരം പറഞ്ഞത്. സന്തോഷം നിറയേണ്ട വീട് ഒരുനിമിഷംകൊണ്ടാണ് മരണവീടായി മാറിയത്.

ലീവിന് നാട്ടില്‍ വരുമ്പോള്‍ പൊതുപരിപാടികളിലും മറ്റു വിനോദന്‍ സജീവമായിരുന്നു. യുവത എന്ന കലാസാംസ്‌കാരിക വേദിയുടെ സജീവ പങ്കാളി കൂടിയായിരുന്നു. ഇന്ന് രാവിലെയോടെ വീട്ടുവളപ്പില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ നൂറ് കണക്കിന് പേരാണ് വിനോദനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയത്.

Description: The cremation of a native of Vadakara Kottakkadav who died in Oman has been completed