സിപിഎം പുലർത്തുന്നത് ആർഎസ്എസ് തന്ത്രം, വടകരയിലെ ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദവും ടി.പിയെ കൊല്ലാൻ ‘മാഷാ അള്ളാ’ സ്റ്റിക്കർ ഒട്ടിച്ച വാഹനം കൊണ്ടുപോയതും അതിന് ഉദാഹരണം; നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിൽ വിമർശനവുമായി കെ.കെ രമ എംഎൽഎ


തിരുവനന്തപുരം: രാഷ്ട്രീയ ലാഭത്തിന് വേണ്ടി ജനങ്ങളെ മതത്തിന്റേയും ജാതിയുടെയും പേരിൽ ഭിന്നിപ്പിച്ച് വിഭജിക്കുന്ന ആർ.എസ്.എസ് തന്ത്രമാണ് സി.പി.എം പുലർത്തുന്നതെന്ന് കെ.കെ. രമ. തൃശൂർ പൂരത്തിനിടെയുണ്ടായ പൊലീസ് ഇടപെടൽ സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയിൽ പിണറായി സർക്കാരിനെതിരെ വിമർശനവുമായി കെ കെ രമ എം എൽ എ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ ‘കാഫിർ സ്ക്രീൻഷോട്ട്’ ഉണ്ടാക്കി വർഗീയ മുതലെടുപ്പിന് ശ്രമിച്ചത് അതിൻറെ ഉദാഹരണമാണ്. സഖാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ വർഗീയ കൊലപാതകമാണെന്ന് വരുത്തിതീർക്കാൻ ‘മാഷാ അള്ളാ’ സ്റ്റിക്കർ ഒട്ടിച്ച വാഹനം കൊണ്ടുപോയതും അതിനാണെന്ന് രമ ആരോപിച്ചു.

ആർ.എസ്.എസും സി.പി.എമ്മും തമ്മിലുള്ള ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻറെ മറ്റൊരു ഏടാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ അരങ്ങേറിയത്. ഇപ്പോൾ അൻവർ ഇടതുപക്ഷത്തിന് മോശക്കാരനാണ്. പാർട്ടിയിൽ ഇരിക്കുമ്പോൾ ഏത് വൃത്തിക്കേടും ചെയ്താൽ അതിനെ സംരക്ഷിക്കുകയും പാർട്ടിയിൽ നിന്ന് പോയാൽ എതിർക്കുന്ന, തള്ളിപ്പറയുന്ന രാഷ്ട്രീയമാണ് പിണറായി സർക്കാരിന് ഉള്ളതെന്നും എന്നും രമ കുറ്റപ്പെടുത്തി.