കൂട്ടാലിടയില്‍ മേയുന്നതിനിടെ ഗര്‍ഭിണിയായ പശു 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു: രക്ഷകരായെത്തി പേരാമ്പ്ര അഗ്നി സേന


കൂട്ടാലിട: പുല്ല് തിന്നുന്നതിനിടെ ഗര്‍ഭിണിയായ പശു ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു. കുനിക്കാട്ട് ബാലകൃഷ്ണന്‍ നായരുടെ 3 മാസം ഗര്‍ഭിണിയായ പശുവാണ് കിണറ്റില്‍ വീണത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പേരാമ്പ്ര അഗ്നി സേന സ്ഥലത്തെത്തി പശുവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി.


ആള്‍മറയില്ലാത്ത കിണറ്റിനരികില്‍ നിന്ന് പുല്ല് തിന്നു കൊണ്ടിരിക്കെ അബദ്ധത്തില്‍ പശു കിണറ്റില്‍ വീഴുകയായിരുന്നു. പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്റെയും സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി ഗിരീശന്റെയും നേതൃത്ത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസ്സര്‍ എസ് കെ റിതിനാണ് കിണറ്റിലിറങ്ങി പശുവിനെ സുരക്ഷിതമായി പുറത്തെടുത്തത്.


ഗര്‍ഭിണിയായ പശുവായതിനാല്‍ നീണ്ട മണിക്കൂര്‍ നേരത്തെ പരിശ്രമം കൊണ്ടാണ് പശുവിനെ പുറത്തെടുക്കാനായതെന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി പ്രേമന്‍ പേരാമ്പ്ര ന്യൂസ് ഡോട്‌കോമിനോട് പ്രതികരിച്ചു. പരിക്കുകള്‍ കൂടാതെ പശുവിനെ പുറത്തെത്തിക്കാന്‍ ഡെലിവറി ഹോസ് പൈപ്പ് ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനമെന്നും പശുവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസ്സര്‍മാരായ കെ ശ്രീകാന്ത്, എ.കെ ഷിഗിന്‍ ചന്ദ്രന്‍, ഇ എം പ്രശാന്ത്, ഹോംഗാര്‍ഡ് വി കെ ബാബു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.