ടിക്കറ്റില്ലാതെ തീവണ്ടി യാത്ര ചെയ്തു, ചോദ്യം ചെയ്ത ടി.ടി.ഇയെ അസഭ്യം പറഞ്ഞു, കോടതിയില്‍ ജഡ്ജിയോടും അപമര്യാദയായി പെരുമാറി; തലയാട്, കട്ടിപ്പാറ സ്വദേശികളടക്കം അഞ്ച് യുവാക്കള്‍ക്ക് ഒരുമാസം തടവും പിഴയും വിധിച്ച് കോടതി


കോഴിക്കോട്: മംഗളൂരുവില്‍നിന്ന് ഗോവയിലേക്ക് തീവണ്ടിയില്‍ ടിക്കറ്റില്ലാതെ യാത്രചെയ്ത തലയാട്, കട്ടിപ്പാറ സ്വദേശിയടക്കം അഞ്ച് യുവാക്കള്‍ക്ക് ഒരു മാസം തടവും പിഴയും വിധിച്ച് കോടതി. ടിക്കറ്റില്ലാതെ യാത്രചെയ്യുകയും ഇത് ചോദ്യം ചെയ്ത ടി.ടി.ഇ.യോടു അസഭ്യം പറയുകയും കോടതിയിലെത്തിയപ്പോള്‍ ജഡ്ജിയോട് വരെ അപമര്യാദയായി പെരുമാറുകയും ചെയ്ത അഞ്ച് മലയാളികളെയാണ് കോടതി ശിക്ഷിച്ചത്.

കോഴിക്കോട്, തലയാട്, കട്ടിപ്പാറ സ്വദേശികളായ യുനീസ് (24), മിസാബ് (24), സുജിത് (23), ജുനൈദ് (24), വിഷ്ണു (24 എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഉഡുപ്പി ജെ.എം.എഫ്. കോടതിയാണ് ഒരുമാസം തടവിനും 1,100 രൂപ വീതം പിഴയടയ്ക്കാനും വിധിച്ചത്.

മംഗളൂരു സെന്‍ട്രലില്‍ നിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ എക്‌സ്പ്രസില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ടിക്കറ്റെടുക്കാതെ കയറിയ ഇവര്‍ ടി.ടി.ഇ. ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.

ടി.ടി.ഇ. വിവരമറിയിച്ചതിനെത്തുടര്‍ന്ന് തീവണ്ടി ഉഡുപ്പിയില്‍ എത്തിയപ്പോള്‍ റെയില്‍വേ സുരക്ഷാസേന ഇവരെ പിടികൂടി പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സുരക്ഷാസേനയോടും അപമര്യാദയായി പെരുമാറിയതോടെ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനും അപമര്യാദയായി പെരുമാറിയതിനും രണ്ട് വ്യത്യസ്ത കേസുകളെടുത്തു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതിയിലും ഇവര്‍ മോശമായി പെരുമാറിയതോടെ ജഡ്ജി അഞ്ചുപേര്‍ക്കും ഒരുമാസം ശിക്ഷയും പിഴയും വിധിച്ചു. ഒരുമാസത്തിനിടെ പിഴയടച്ചില്ലെങ്കില്‍ തടവ് രണ്ടുമാസത്തേക്ക് നീട്ടാനും കോടതി ഉത്തരവിട്ടു.