മുങ്ങിയെടുത്ത് ആശുപത്രിയിലേക്ക് ഓടിയെങ്കിലും രക്ഷിക്കാനായില്ല; നാട്ടിൽ കളിച്ചുനടന്ന രണ്ട് വിദ്യാർത്ഥികളുടെ അപ്രതീക്ഷിത മരണത്തിൻ്റെ ഞെട്ടലിൽ നാട്


ചങ്ങരോത്ത്: നാട്ടിൽ കളിച്ചു നടന്ന രണ്ട് വിദ്യർത്ഥികളുടെ അപ്രതീക്ഷിത മരണത്തിൻ്റെ ഞെട്ടലിലാണ് ഒരു നാട്. കുറ്റ്യാടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത് കുറ്റ്യാടി ഗവൺമെൻ്റ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥികള്‍. പാലേരി പാറക്കടവിലെ കുളമുള്ളകണ്ടി യൂസഫിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍ (14), പാറക്കടവിലെ കുളായിപ്പൊയില്‍ മജീദിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (14) എന്നിവരെയാണ് മരണം തട്ടിയെടുത്തത്.

ഫുട്ബോൾ കളി കഴിഞ്ഞ് വരുംവഴി ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയകുമ്ബളം ഭാഗത്ത് കൈതേരിമുക്കില്‍ താഴെ ഭാഗത്താണ് കുട്ടികള്‍ കുളിക്കാനായി ഇറങ്ങിയത്. എന്നാല്‍ ഇരുവരും ഒഴുക്കില്‍ പ്പെടുകയായിരുന്നു. നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും നടത്തിയ രക്ഷാപ്രവർത്തനത്തിൽ മുഹമ്മദ് റിസ്വാനെ ഉടന്‍ മുങ്ങിയെടുത്തെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് പോകുംവഴി മരണപ്പെടുകയായിരുന്നു.

പേരാമ്പ്രയിൽ നിന്നും നാദാപുരത്തുനിന്നും എത്തിയ ഫയർഫോഴ്സ് അംഗകളും നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂര്‍ നീണ്ട തിരച്ചിലിലൊടുവിലാണ് മുഹമ്മദ് സിനാനെ കണ്ടെത്താനായത്. രണ്ടു പേരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

Summary: He drowned and rushed to the hospital but could not be saved; The country is shocked by the unexpected death of two students who were playing in the country