വടകര റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്; കരാറെടുത്ത കമ്പനി പാർക്കിങ് ഫീസ് പിരിവ് നിർത്തി


വടകര : റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയ നടത്തിപ്പ് കമ്പനി കരാർ അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം മുതൽ പാർക്കിങ് ഫീസ് പിരിവ് നിർത്തി. വ്യാഴാഴ്ച പാർക്കിംങ് ചാർജ് വാങ്ങാൻ ആരുമില്ലാതിരുന്നതിനാൽ യാത്രക്കാർ അവരുടെ വാഹനങ്ങൾ സൗജന്യമായാണ് പാർക്കുചെയ്തത്.

പാർക്കിംങ് ഫീസ് പിരിവ് കരാറെടുത്ത കമ്പനിക്ക് നഷ്ടമുണ്ടാക്കിയതായാണ് വിവരം. ഇതേ തുടർന്നാണ് മൂന്ന് മാസം കൊണ്ട് കമ്പനി കരാർ അവസാനിപ്പിച്ചത്. റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയ അമൃത് പദ്ധതിയിലുൾപ്പെടുത്തി വിപുലീകരിച്ചിരുന്നു. പാർക്കിംങ് ഫീസ് നിരക്കും കുത്തനെ വർധിപ്പിച്ചിരുന്നു. വലിയ പ്രതിഷേധം ഇതിൽ ഉണ്ടായിരുന്നു.

ഫീസ് കൂട്ടിയിട്ടും പാർക്കിംങ് ഏരിയ നടത്തിപ്പ് നഷ്ടത്തിലായതോടെയാണ് ഒരു വർഷത്തെ കാരാർ ഏറ്റെടുത്ത കമ്പനി പാതിവഴിയിൽ കരാർ അവസാനിപ്പിച്ചത്. ഇനി പാർക്കിങ് ഏരിയ നടത്തിപ്പ് റെയിൽവേ വീണ്ടും ടെൻഡർ ചെയ്യണം. അല്ലെങ്കിൽ ബദൽ സംവിധാനം ഒരുക്കണം. എന്തായാലും അതുവരെ യാത്രക്കാർക്ക് സൗജന്യമായി വാഹനം പാർക്കുചെയ്യാം.