കുറ്റ്യാടി കടന്തറപുഴ കടന്ന് അക്കരെയെത്താൻ ചെമ്പനോടയിലെ ജനങ്ങൾക്ക് ഇനി എന്തെളുപ്പം; വർഷങ്ങളുടെ കാത്തിരിപ്പിന് വിട, ഇരുമ്പു പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായി


ചക്കിട്ടപാറ: ആ മനുഷ്യർ ഇനി കരകവിഞ്ഞൊഴുകുന്ന കടന്തറപുഴയെ ഭയക്കില്ല. ഈ പുഴ കടന്ന് ചെമ്പനോട നിവാസികൾ സുരക്ഷിതമായി മാറുകരയിലെത്തും. കീലോമീറ്ററുകൾ താണ്ടിയ കാലത്തിനു ഇനി വിട. ചെമ്പനോട കുറത്തിപ്പാറയെയും മരുതോങ്കരയിലെ സെന്റര്‍മുക്കിനെയും ബന്ധിപ്പിക്കുന്ന ഇരുമ്പ് പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായിരിക്കുകയാണ്. എംഎൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച ഒരു കോടിയോളം രൂപ ചെലവിലാണ് പാലം നിർമ്മിച്ചത്.

ഇരുവശത്തും രണ്ട് തൂണുകളായുള്ള പാലത്തിന് 45 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുണ്ട്. പുഴയുടെ തറ നിരപ്പില്‍ നിന്ന് 3.5 മീറ്റര്‍ ഉയരത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. പൊതുമേഖല സ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കേരളക്കായിരുന്നു (സില്‍ക്ക്) നിര്‍മാണച്ചുമതല. പാലത്തിന് മുകളിൽ സോളാർ സ്ഥാപിച്ച് രാത്രിയിൽ ലെെറ്റ് ലഭ്യമാക്കുന്നതിനാവശ്യമായ നടപടികളും പുരോ​ഗമിക്കുകയാണ്. ഇത് സംബന്ധിച്ച് കെ.എസ്.ഇ.ബിയുമായി പഞ്ചായത്തധീകൃതർ ചർച്ചകളും നടത്തി.

അപ്രോച്ച് റോഡിന്റെ പ്രവർത്തനങ്ങൾ ഇനി പൂർത്തിയാവാനുണ്ട്. മരുതോങ്കര പഞ്ചായത്തിന്റെ ഭാ​ഗത്ത് പാലത്തിൽ നിന്ന് റോഡിലേക്കെത്താൻ ജനപ്രതിനിധികളും നാട്ടുകാരും ഇടപെട്ട് സ്ഥലം ലഭ്യമാക്കി പാതയൊരുക്കി. പ്രദേശവാസികള്‍ തന്നെ വിട്ടുനല്‍കിയ സ്ഥലത്ത് കൂടിയാണ് റോഡ് നിര്‍മിച്ചത്. സെന്റര്‍ മുക്ക് ഭാഗത്ത് കുറച്ച് സ്ഥലം കൂടി വിട്ടുകിട്ടുന്നതോടെ വലിയ വാഹനം പോകുന്ന പാതയൊരുക്കാനാകും. അപ്രോച്ച് റോഡ്കടന്നുപോകുന്ന ഭാ​ഗത്തെ തോടിന് പാലവും നിര്‍മിക്കണം. തോടിന് കുറുകെ പൈപ്പിട്ട് ഇപ്പോള്‍ താത്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. ചെമ്പനോട ഭാഗത്ത് നിന്ന് നൂറ് മീറ്റർ ദൂരത്തിൽ പാലത്തിന് അടുത്ത് വരെ ടാർ ചെയ്ത റോഡുണ്ട്. ഇതില്‍ പാലത്തിനോട് ചേര്‍ന്നുള്ള ഭാഗത്ത് ടാറിങ് നടത്താനുണ്ട്. നേരത്തേയുള്ള ടാര്‍ചെയ്ത റോഡ് റീടാര്‍ ചെയ്ത് നവീകരിക്കും. ജനുവരിയോടെ അപ്രോച്ച് റോഡിന്റെ പ്രവൃത്തി പൂർത്തിയാക്കാണ് തീരുമാനം.

ചക്കിട്ടപ്പാറ-മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന് പ്രത്യേകതളേറെയാണ്. രണ്ട് പഞ്ചായത്തുകൾക്കു പുറമേ പേരാമ്പ്ര-കുറ്റ്യാടി നിയോജക മണ്ഡലങ്ങളെയും കൊയിലാണ്ടി-വടകര താലുക്കുകളെയും പാലം ബന്ധിപ്പിക്കുന്നു.

ലിനിയുടെ വീടിനോട് ചേർന്നാണ് പുതിയ പാലം. മകൾക്ക് കാണാൻ സാധിച്ചില്ലെങ്കിലും അവൾ ആഗ്രഹിച്ചതുപോലെ പുഴയ്ക്ക് കുറുകെ പാലം വന്നതിന്റെ സന്തോഷത്തിലാണ് ലിനിയുടെ അമ്മ രാധ. നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ സ്മരണാർത്ഥം പാലം നാടിന് സമർപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ടി.പി രാമകൃഷ്ണൻ എം.എൽ.എ പറഞ്ഞു.

പഴയകാലത്ത് ഇവിടെ മരംകൊണ്ട് താത്കാലിക പാലം വര്‍ഷം തോറും നിര്‍മിക്കാറായിരുന്നു പതിവ്. പഴയകാലത്ത് ഇവിടെ മരംകൊണ്ട് താത്കാലിക പാലം വര്‍ഷം തോറും നിര്‍മിക്കാറായിരുന്നു പതിവ്. കടന്തറപുഴ മഴക്കാലത്ത് കുത്തിയൊലിച്ച് ഒഴുകുന്നതിനാല്‍ ഭീതിയോടെയാണ് നാട്ടുകാര്‍ പാലത്തിലൂടെ യാത്രചെയ്തിരുന്നത്. പുതിയ പാലം യാഥാർത്ഥയമാകുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ചെമ്പനോടഭാഗത്തുനിന്ന് പശുക്കടവ് ഭാഗത്തേക്ക് ഉള്‍പ്പെടെയുള്ള യാത്രയും എളുപ്പമാകും.

Summary: How easy is it for the people of Chembanoda to cross Kuttyadi Kadantarapuzha and reach the other side. Gthe construction work of the iron bridge has been completed