ലൈറ്റ് സ്ഥാപിക്കലും റോഡില്‍ ലൈനിടലും പൂര്‍ത്തിയായി; പേരാമ്പ്ര ബൈപ്പാസ് ഉദ്ഘാടനത്തിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം
പേരാമ്പ്ര: പേരാമ്പ്രയിലെ ഗതാഗതകുരുക്കിന് പരിഹാരമാവുന്ന, നാട്ടുകാരുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്ന ബൈപ്പാസ് ഉദ്ഘാടനത്തിനായ് ഒരുങ്ങിക്കഴിഞ്ഞു. അവസാന ഘട്ടങ്ങളിലായി നടന്നിരുന്ന ലൈറ്റ് സ്ഥാപിക്കല്‍, റോഡില്‍ ലൈനിടല്‍ തുടങ്ങിയ പ്രവൃത്തികള്‍ എല്ലാം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. പുതിയ ബൈപ്പാസ് ഏപ്രില്‍ 30ന് വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനായി സമര്‍പ്പിക്കും.
ചെമ്പ്രറോഡ് കവലയ്ക്ക് സമീപമുള്ള മൈതാനത്താണ് ഉദ്ഘാടന സമ്മേളനം സംഘടിപ്പിക്കുന്നത്. പേരാമ്പ്ര നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ പങ്കെടുക്കുന്ന വിപുലമായ പരിപാടിയായി ഉദ്ഘാടനം മാറ്റാനായി കഴിഞ്ഞ ദിവസം സംഘാടകസമിതി രൂപീകരിച്ചു. ടി.പി രാമകൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പരിപാടിയുടെ വിജയത്തിനായി ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ചെയര്‍മാനായാണ് സ്വഗത സംഘം രൂപീകരിച്ചത്.
ഷീജ ശശി, എം.പി ശിവാനന്ദന്‍, സുരേഷ് ചക്കാടത്ത്, കെ.വി ബാബു രാജ്, കെ സുനില്‍, ഉണ്ണി വേങ്ങേരി, കെ.കെ ബിന്ദു, സി.കെ ശശി, പി.എന്‍ ശാരദ, കെ.ടി രാജന്‍, എന്‍.ടി ഷിജിത്ത്, എ.എം സുഗതന്‍, കെ.കെ നിര്‍മ്മല, പി.കെ ഗിരീഷ്, സി.എം ബാബു, വി.പി ദുല്‍ഫിക്കിന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമായി തിരഞ്ഞെടുത്തു.
എന്‍.പി ബാബു കണ്‍വീനറും ബേബി കാപ്പുകാട്ടില്‍, പി.കെ.എം. ബാലകൃഷ്ണന്‍, മനോജ് ആവള, എം കുഞ്ഞമ്മദ്, എസ്.കെ സജീഷ്, രാജന്‍ മരുതേരി, മുഹമ്മദ് ചാലിക്കര, രാഗേഷ് തറമ്മല്‍, കെ.പി ആലിക്കുട്ടി, യൂസഫ് കോറോത്ത്, എന്‍.എസ് കുമാര്‍, കെ പ്രദീപ്കുമാര്‍, പി.ടി അഷറഫ്, കെ.കെ പ്രേമന്‍ എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരുമായി തീരുമാനമായി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദിനെ ട്രഷററായും തിരഞ്ഞെടുത്തു. മുന്‍ എംഎല്‍മാരും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സിഡിഎസ് ചെയര്‍പേഴ്സണ്‍മാരും ഉള്‍പ്പെടുന്ന 301 അംഗ സ്വാഗതസംഘ കമ്മിറ്റിക്കും രൂപം നല്‍കിയിരുന്നു.
പേരാമ്പ്രയുടെ ഹൃദയഭാഗത്തുകൂടെ കടന്നു പോവുന്ന ബൈപ്പാസ് യാഥാര്‍ത്ഥ്യമാവുന്നതോടെ ടൗണിലെ നിരന്തരമായുണ്ടായിരുന്ന ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാണുണ്ടാവാന്‍ പോവുന്നത്. നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു ബൈപ്പാസ് എന്നത്.
സംസ്ഥാനപാതയില്‍ കല്ലോട് എല്‍.ഐ.സി. ഓഫീസിന് സമീപത്തുനിന്ന് തുടങ്ങി കക്കാട് വരെയാണ് പുതിയ ബൈപ്പാസ്. വെള്ളിയോടന്‍കണ്ടി റോഡ്, പൈതോത്ത് റോഡ്, ചെമ്പ്ര റോഡ് എന്നീ റോഡുകള്‍ക്ക് കുറുകെയാണ് പാത കടന്നുപോകുന്നത്. 59.44 കോടിയുടെ ഭരണാനുമതിയുള്ള പദ്ധതിയുടെ നിര്‍മാണച്ചുമതല കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ്.
12 മീറ്റര്‍ വീതിയില്‍ 2.768 കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപ്പാസ്. ബി.എം, ബി.സി. നിലവാരത്തില്‍ ടാറിങ് നടത്തുന്ന റോഡിനുമാത്രം ഏഴുമീറ്റര്‍ വീതിയാണുള്ളത്. റോഡ് നാര്‍മ്മാണത്തിന്റെ കരാറുകാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയാണ്. മാര്‍ച്ച് അവസാനത്തോടെ തന്നെ റോഡിന്റെ അവസാനഘട്ട ടാറിംഗ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിരുന്നു. തുടര്‍ന്നാണ് മറ്റ് അനുബന്ധ പ്രവൃത്തികള്‍ നടത്തിയത്. ഇപ്പോള്‍ എല്ലാ പ്രവൃത്തികളും പൂര്‍ത്തിയായിക്കഴിഞ്ഞു.