വാഹനവുമായെത്തിയാൽ പേരാമ്പ്ര കടന്നു പോവാൻ ബുദ്ധിമുട്ടാറുണ്ടോ? വിഷമിക്കേണ്ട, ബൈപ്പാസ് നിർമ്മാണം ജനുവരിയോടെ പൂർത്തിയാകും, നിർദേശം നൽകി അധീകൃതർ


പേരാമ്പ്ര: ന​ഗരത്തിലെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരമാകുന്ന പേരാമ്പ്ര ബൈപ്പാസിന്റെ നിർമ്മാണ പ്രവൃത്തികൾ ജനുവരിയിൽ പൂർത്തിയാക്കാൻ നിർദേശം. കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് സ്ഥലം സന്ദർശിച്ച് നിർമാണപുരോഗതി വിലയിരുത്തിയശേഷമാണ് നിർദേശം നൽകിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്.

2021 ഫെബ്രുവരിയിലാണ് പേരാമ്പ്ര ബൈപ്പാസിന്റെ നിർമ്മാണം ഉദ്ഘാടനംചെയ്തത്. പേരാമ്പ്ര–- കുറ്റ്യാടി സംസ്ഥാന പാതക്ക് സമാന്തരമായി കക്കാട് പള്ളി പരിസരം മുതൽ എൽഐസി ഓഫീസ് പരിസരം വരെ 2.79 കിലോമീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് ബൈപാസിന്റെ നിർമാണം പുരോഗമിക്കുന്നത്‌. വെള്ളിയോടൻകണ്ടി റോഡ്, പൈതോത്ത് റോഡ്, ചെമ്പ്ര റോഡ് എന്നിവയ്ക്കെല്ലാം കുറുകെ പാത കടന്നുപോകും.

കേരള റോഡ്സ് ആൻഡ്‌ ബ്രിഡ്‌ജസ്‌ ഡവലപ്പ്മെന്റ്‌ കോർപറേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥലമേറ്റെടുക്കുന്നതിനും ബൈപാസ്‌ നിർമാണത്തിനുമുള്ള 47.29 കോടി കിഫ്ബിയാണ് അനുവദിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണം ഏറ്റെടുത്തത്. പേരാമ്പ്ര പഞ്ചായത്തിലെ മേഞ്ഞാണ്യം, എരവട്ടൂർ വില്ലേജുകളിൽപ്പെട്ട 3.7534 ഹെക്ടർ സ്വകാര്യഭൂമിയാണ് ബൈപ്പാസിനായി ഏറ്റെടുത്തത്.

കല്ലോട് നിന്നും കക്കാടുനിന്നും ചിരുതകുന്നിന് സമീപംവരെ പാതയുടെ അടിത്തറ ഒരുക്കി മെറ്റലിങ്‌ നടത്തിക്കഴിഞ്ഞു. അവസാനഘട്ട ടാറിങ്‌ മാത്രമാണ് ബാക്കിയുള്ളത്. അഴുക്കുചാൽ നിർമാണവും നടന്നിട്ടുണ്ട്. ചിരുതകുന്ന് വെള്ളിയോടൻകണ്ടി റോഡിൽ ചിരുതകുന്ന് ഭാഗത്ത് പാതയുടെ ഉയരം കുറയ്ക്കേണ്ട പണിയാണ് ഇനി പ്രധാനമായി നടക്കാനുള്ളത്.

പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡുകളുടെ പരിശോധനയാണ് ജില്ലയിൽ നടക്കുന്നത്. ആർബിഡിസികെ എംഡി എസ് സുഹാസിന്റെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായാണ് പരിശോധന നടക്കുന്നത്.

Summary: the construction of the perambra bypass will be completed by January