വടകര നഗരസഭാ കാര്യാലയത്തിന് പുതുജീവന്‍; പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു, വ്യാപാരമേഖലയ്ക്കും നേട്ടങ്ങള്‍ ഏറെ
വടകര: കാലപ്പഴക്കം കൊണ്ട് ബുദ്ധിമുട്ടുന്ന വടകര നഗരസഭാ കാര്യാലയത്തിന് പുതുജീവന്‍ വെക്കുന്നു. പുതുതായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തികള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുകയാണ്. എടോടിയിലാണ് പുതിയ കെട്ടിടം പണിതിരിക്കുന്നത്. നിലവില്‍ ഏതാണ്ട് 10 കോടിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. നഗരസഭയുടെ ഫണ്ടും അർബൻ ആൻഡ് റൂറൽ ഡിവലപ്പ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ
(കെ.യു.ആർ.ഡി.എഫ്.സി)യുടെ ലോണും ചേര്‍ത്താണ് ഇത്രയും പ്രവൃത്തികള്‍ ചെയ്തിരിക്കുന്നത്.
ഏതാണ്ട് 7 കോടിയുടെ പ്രവൃത്തികളാണ് ഇനി ബാക്കിയുള്ളത്. ഇതിനായി ലോണിന് അപേക്ഷ നല്‍കിയിട്ടുണ്ട്. തുക കിട്ടുന്ന മുറയ്ക്ക് ബാക്കി വരുന്ന നിര്‍മ്മാണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. നവംബറില്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ ഇന്റീരിയര്‍, ഇലക്ട്രിക് വര്‍ക്കുകള്‍ നടക്കുന്നുണ്ട്.
ആറ് നിലയുള്ള കെട്ടിടത്തിന്റെ താഴെത്തെ നിലകളില്‍ വ്യാപാര കേന്ദ്രങ്ങളാണ് പ്രവൃത്തിക്കുക. അതിനായി 52 മുറികളില്‍ 11 എണ്ണം ലേലത്തിലൂടെ ഇതുവരെയായി വ്യാപാരികള്‍ എടുത്തിട്ടുണ്ട്. ബാക്കിയുള്ളവയ്ക്കായി രണ്ടാഴ്ചക്കുള്ളില്‍ ലേലം സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവൃത്തികള്‍ തുടങ്ങിയെങ്കിലും പകുതി വെച്ച് കരാറുകാരന്‍ ജോലി നിര്‍ത്തി പോയതാണ് കെട്ടിടത്തിന്റെ പ്രവൃത്തി ഇത്രയും വൈകാന്‍ കാരണം. പുതിയ കെട്ടിടം വരുന്നതോടെ വടകര നഗരത്തിലെ വ്യാപാര മേഖലയ്ക്ക് നേട്ടങ്ങള്‍ ഏറെയാണ്. മാത്രമല്ല ടൗണിന് അടുത്ത് തന്നെയായതിനാല്‍ ജനങ്ങള്‍ക്കും എളുപ്പത്തില്‍ നഗരസഭാ കാര്യാലയത്തിലേക്ക് എത്തിപ്പെടാന്‍ സാധിക്കും.
Description:The construction of the new building of the Vadakara municipal office is in progress