കുന്നുമ്മല്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്‌; 50 ലക്ഷം രൂപ കൂടി അനുവദിച്ചതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ


കുറ്റ്യാടി: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കുന്നുമ്മൽ കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായി 50 ലക്ഷം രൂപ അനുവദിച്ചതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് രണ്ടാംഘട്ടമായി 50 ലക്ഷം അനുവദിച്ചത്.

ഹാൾ പൂർത്തീകരണത്തിനായി ഒന്നാംഘട്ടമായി എംഎൽഎ അനുവദിച്ച 50 ലക്ഷം രൂപയുടെ പ്രവർത്തികള്‍ പൂര്‍ത്തിയായി വരികയാണ്‌. കമ്മ്യൂണിറ്റി ഹാളിനുള്ളിൽ ചൂടേൽക്കാത്ത വിധത്തിൽ ഇൻസുലേറ്റഡ് സാൻവിച്ച് റൂഫ് പാനലുകളാണ് കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ ടോയ്ലറ്റ്, അലുമിനിയം ഫാബ്രിക്കേഷൻ പ്രവർത്തികൾ എന്നിവയും പൂർത്തീകരിച്ചിട്ടുണ്ട്.

യാർഡ് ഇന്റർലോക്കിങ്, പെയിൻറിംഗ്, ഫ്ലോറിങ് എന്നിവ പൂര്‍ത്തിയാക്കാനാണ് രണ്ടാംഘട്ടമായി തുക അനുവദിച്ചത്‌. തദ്ദേശസ്വയംഭരണ എൻജിനീയറിങ് വിഭാഗത്തിനാണ് നിർവഹണ ചുമതല. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം തന്നെ പ്രവർത്തി പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംഎല്‍എ അറിയിച്ചു.