‘വടകര കണ്ണൂക്കര ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ അശാസ്ത്രീയമായ നിർമ്മാണത്തിൻ്റെ തുടർച്ച’; നിർമാണ കമ്പനിയെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ


മുക്കാളി: വടകര – തലശ്ശേരി ദേശീയപാത കണ്ണൂക്കര മീത്തലെ മുക്കാളിയില്‍ ഇന്നുണ്ടായ മണ്ണിടിച്ചിൽ അശാസ്ത്രീയമായ നിർമ്മാണത്തിൻ്റെ തുടർച്ചയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇത്രയും നിരുത്തരവാദപരമായി ഒരു സ്വകാര്യ നിർമ്മാണ കമ്പനി എങ്ങനെയാണ് പ്രവർത്തിക്കുന്നതതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിയൂർ മുതൽ വെങ്ങളം വരെയുള്ള മേഖലയിൽ യാത്രാക്ലേശം പ്രതിദിനം രൂക്ഷമായി കൊണ്ടിരിക്കുന്നു. മൺസൂൺ തുടങ്ങിയതോടെ ദേശീയപാത വെള്ളക്കെട്ട് മൂലം പൂർണ്ണമായും തകർന്നിരിക്കയാണ്. ദേശീയപാത അതോറ്റിക്കും സംസ്ഥാന ഗവൺമെൻ്റിനും ഈ അനാസ്ഥ കണ്ടിട്ടില്ലെന്ന് നടിച്ചു കൊണ്ട് പോകാനാവില്ല. അഴിയൂർ മുതൽ വെങ്ങളം വരെയുള്ള നിർമ്മാണ പ്രവർത്തനം ആകെ താളം തെറ്റിയിട്ടും കണ്ടില്ലെന്ന് നടിക്കുന്ന അധികൃത സമീപനം ജനങ്ങളോടുള്ള ക്രൂരമായ അനീതിയും വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

മീത്തലെ മുക്കാളിയില്‍ ഇന്ന് കാലത്തുണ്ടായ മണ്ണിടിച്ചിൽ ഗൗരവപൂർവം കണ്ട് നിർമാണ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുകയാണ് വേണ്ടതെന്നും, നിർമ്മാണ പ്രവർത്തനം ശാസ്ത്രീയമായി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ദേശീയപാത അതോറിറ്റിയും സംസ്ഥാന സർക്കാറും സത്വര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ എട്ടരയോടെയാണ്‌ മീത്തലെ മുക്കാളിയില്‍ മണ്ണിടിച്ചിൽ ഉണ്ടായത്‌. ദേശീയപാത നിർമ്മാണത്തിൻ്റ ഭാഗമായി മണ്ണെടുത്ത് കോൺക്രീറ്റ് ചെയ്ത ഭാഗമാണ് ഇടിഞ്ഞ് താഴ്ന്നത്. വാഹനങ്ങൾ കടന്ന് പോയി കൊണ്ടിരിക്കുമ്പോഴാണ് ദേശിയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. തലനാരിഴക്കാണ് റോഡിലൂടെ കടന്നുപോയ വാഹനങ്ങൾ അപകടത്തിൽപെടാതെ രക്ഷപെട്ടത്. ഇതേ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു.

വടകര കണ്ണൂക്കര ദേശീയപാതയിൽ മണ്ണിടിച്ചിൽ; ​​ഗതാ​ഗതം തടസപ്പെട്ടു