മത്സ്യം വാങ്ങിയതിന്റെ പൈസ ചോദിച്ചതിന് മൂടാടിയിൽ കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ ആക്രമണം; ഭിന്നശേഷി ക്കാരനായ തൊഴിലാളിക്കുൾപ്പടെ പരിക്ക്, മത്സ്യക്കട അടിച്ചു തകർത്തതായും പരാതി


മൂടാടി: മൂടാടിയിൽ മത്സ്യ കട അടിച്ചു തകർത്ത നിലയിൽ. മത്സ്യത്തൊഴിലാളിക്കും മകനും ആക്രമണത്തിൽ പരിക്കേറ്റു. മൂടാടി ടൗണിൽ മത്സ്യക്കച്ചവടം ചെയ്ത്‌ വരുന്ന മജീദിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. മത്സ്യം വാങ്ങിയതിന്റെ പണം ചോദിച്ചതിന് ആണ് ആക്രമിച്ചത് എന്നായിരുന്നു ആരോപണം. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയായിരുന്നു സംഭവം. കടയിലെ തൊഴിലാളികളായ ശ്രീധരനും, മകനും ഭിന്നശേഷിക്കാരനുമായ ശ്രീരാഗ് എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. കോൺഗ്രസ്സ് നേതാവ് കണിയാംകണ്ടി രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് മത്സ്യക്കട അടിച്ച് തകർത്തത് എന്നാണ് ആരോപണം. ശ്രീരാഗിന്റെ കൈയ്ക്ക് ചതവ് എന്നാണ് വിവരം.

രാധാകൃഷ്ണന്റെ വീട്ടിലേക്ക് വാങ്ങിയ മത്സ്യത്തിന്റെ പണം ചോദിച്ചതോടെ ഇയാൾ ഭീഷണിയുടെ സ്വരത്തിൽ ആരംഭിക്കുകയും പിന്നീട് ആക്രമണം നടത്തുകയുമായിരുന്നു. മത്സ്യങ്ങളും മത്സ്യം വെച്ചിരുന്ന മീൻപെട്ടികളും അടിച്ചു തകർക്കുകയും തടയാൻ ചെന്ന ജീവനക്കാരെയും ആക്രമിക്കുകയായിരുന്നു.

സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് മൂടാടിയിൽ സി.പി.ഐ.എം പൊതുയോഗം സംഘടിപ്പിക്കുമെന്ന് ലോക്കൽ സെക്രട്ടറി കാട്ടിൽ സത്യൻ അറിയിച്ചു.