വടകര ന​ഗരത്തിലെ ചെടിച്ചട്ടികൾ നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്യുന്നു; ന​ഗരസഭാ അധികൃതർ വടകര പോലിസിൽ പരാതി നൽകി


വ​ട​ക​ര: വടകര ന​ഗരത്തിലെ ചെടിച്ചട്ടികൾ നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്യുന്നതായി പരാതി. ന​ഗ​ര സൗ​ന്ദ​ര്യ വ​ത്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ട​ക​ര പ​ഴ​യ സ്റ്റാ​ൻ​ഡ് മു​ത​ൽ പു​തി​യ സ്റ്റാ​ൻ​ഡ് വ​രെ 500 ഓ​ളം ചെ​ടി​ച്ച​ട്ടി​ക​ളാ​ണ് ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ചിരുന്നത്. ഇവയാണ് മോ​ഷ്ടിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത്. വേ​ന​ൽക്കാ​ല​ത്ത് ന​ഗ​ര​സ​ഭ പ്ര​ത്യേ​ക ഫ​ണ്ട് വ​ക​യി​രു​ത്തി​യാ​ണ് ചെടികൾ പ​രി​പാ​ലി​ക്കു​ന്ന​ത്.

ര​ണ്ടു​വ​ർ​ഷം മു​മ്പ് സി​മ​ന്റ് നി​ർ​മി​ത ചെ​ടി​ച്ച​ട്ടി​ക​ളാ​ണ് റോ​ഡ​രി​കി​ലെ കൈ​വ​രി​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ പ്ലാ​സ്റ്റി​ക്ക് നി​ർ​മി​ത ച​ട്ടി​ക​ളി​ൽ ഭൂരിഭാ​ഗം ചെ​ടി​ക​ളും മാ​റ്റി ന​ട്ടു​പി​ടി​പ്പി​ച്ചു. എന്നിട്ടും സാമൂഹ്യവിരുദ്ധരുടെ ശല്യത്തിന് അറുതിയായില്ല. എ​ടോ​ടി റോ​ഡി​നോ​ട് ​ചേ​ർ​ന്ന് സ്ഥാപിച്ച ചെ​ടി​കൾ ചെ​ടി​ക​ൾ മോ​ഷ്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ കഴിഞ്ഞ ദിവസം ന​ഗ​ര​സ​ഭ​ക്ക് ല​ഭി​ച്ചു.

ദൃ​ശ്യ​ങ്ങ​ൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ന​ഗരസഭാ അ​ധി​കൃ​ത​ർ വ​ട​ക​ര പൊ​ലീ​സി​ന് ദൃശ്യങ്ങൾ ഉൾപ്പടെ കൈ​മാ​റി പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ പൊ​ലീ​സി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൻ കെ.​പി. ബി​ന്ദു ആ​വ​ശ്യ​പ്പെ​ട്ടു.