വടകര പുതിയ ബസ്‌സ്റ്റാൻഡിലെ മുലയൂട്ടൽകേന്ദ്രം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാനൊരുങ്ങി ന​ഗരസഭ; തീരുമാനം ആരും ഉപയോ​ഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി


വടകര : പുതിയ ബസ്‌സ്റ്റാൻഡിലെ മുലയൂട്ടൽകേന്ദ്രം നഗരസഭ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനൊരുങ്ങുന്നു. ആരും ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. വടകര സെൻട്രൽ റോട്ടറി ക്ളബാണ് 4 വർഷം മുൻപ് ഇവിടെ മുലയൂട്ടൽ കേന്ദ്രം സ്ഥാപിച്ചത്. ഇത് പിന്നീട് ന​ഗരസഭയ്ക്ക് കൈമാറുകയായിരുന്നു.

കോവിഡ് വ്യാപന സമയത്ത് മുലയൂട്ടൽ കേന്ദ്രം പൂർണമായും അടച്ചിട്ടിരുന്നു. നിയന്ത്രണങ്ങൾ നീങ്ങിയ ശേഷമാണ് വീണ്ടും തുറന്നത്. എന്നാൽ ഇപ്പോൾ ഇത് വീണ്ടും അടച്ചിട്ട നിലയിലാണ്. അതിനാൽ സ്റ്റാൻഡിലെത്തുന്ന അമ്മമാർ കുഞ്ഞിന് മുലയൂട്ടാൻ സുരക്ഷിതമായ മറ്റൊരിടം തേടി അലയുന്ന സ്ഥിതിയാണുള്ളത്.

മുലയൂട്ടൽ കേന്ദ്രം മാറ്റിസ്ഥാപിക്കാതെ ഇവിടെ തന്നെ നിലനിർത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കൂടാതെ ഇത് നവീകരിക്കണമെന്നും ഫാനും വെളിച്ചവും ഉറപ്പുവരുത്തണമെന്നും ഇവർ പറയുന്നു.