കുട്ടികളും അധ്യാപകരും മണ്ണിലിറങ്ങി; ഓർക്കാട്ടേരിയിലെ ഒരേക്കറോളം സ്ഥലത്ത് ഇനി പച്ചക്കറിയും ചെണ്ടുമല്ലിയും വിളയും
വടകര: ഓർക്കാട്ടേരിയിലെ ഒരേക്കറോളം സ്ഥലത്ത് ഇനി പച്ചക്കറിയും ചെണ്ടുമല്ലിയും വിളയും. കെ.കെ.എം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്. എൻ.എസ്.എസിന്റെ ഹരിതഭൂമി പദ്ധതിയുടെ ഭാഗമായി ഒരേക്കറോളം സ്ഥലത്ത് കുട്ടികൾ മണ്ണൊരുക്കി പച്ചമുളക്, വെണ്ട, പയർ, ചെണ്ടുമല്ലി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.
വിദ്യാർത്ഥികളില്‍ കാർഷിക പരിജ്ഞാനം വളർത്തുന്നതിനൊപ്പം ഭക്ഷ്യസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഏറാമല ഗ്രാമപഞ്ചായത്ത് കൃഷി അസി. സുനില്‍ കെ.പി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പല്‍ സീമ.എൻ.വി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജ്യോതി.പി, കൃഷി ഓഫീസർ സൗമ്യ.പി, അഗ്രോ സർവീസ് സെന്റർ സെക്രട്ടറി ഇല്യാസ് അബ്ദുള്ള എന്നിവർ പദ്ധതിക്ക് നേതൃത്വം നല്‍കി.