ഗൂഗിൾ പേ, ഫോൺപേ ഉൾപ്പെടെയുള്ള യു.പി.ഐ പണമിടപാട് സേവനങ്ങൾക്ക് ചാർജ് ഈടാക്കുമോ? വ്യക്തത വരുത്തി കേന്ദ്രധനമന്ത്രാലയം; ഉപഭോക്താക്കൾക്ക് ആശ്വാസം


ഡൽഹി: ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ സേവനങ്ങൾക്ക് ചാർജ് ഈടാക്കാൻ സാധ്യത എന്ന് ഡിജിറ്റൽ ഇടപാടുകാർക്ക് ഷോക്ക് നൽകിയ വാർത്തകൾ തളളി കേന്ദ്രസർക്കാർ. യു.പി.ഐ സേവനങ്ങൾ സൗജന്യം തന്നെ എന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ചാർജ് ഈടാക്കാനുള്ള ആലോചന പരിഗണയിലില്ല എന്നും ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രം വ്യക്തമാക്കി.

യുപിഐ (യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ്) ഇടപാടുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സർവീസ് ചാർജ് ഈടാക്കാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ധനമന്ത്രാലയം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ വിശദീകരണം നൽകിയത്.

യുപിഐ പേയ്‌മെന്റുകൾക്ക് ചാർജ് ഈടാക്കാനുള്ള ആലോചനയിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യുപിഐ ഇടപാടുകൾക്ക് ചാർജ് ചുമത്താനുള്ള സാധ്യതയെക്കുറിച്ച് ആർബിഐ ഓഹരി ഉടമകളിൽ നിന്ന് ഫീഡ്‌ബാക്ക് തേടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് ഏറ്റവും കൂടുതൽ സ്വീകാര്യമായ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ് യുപിഐ. ഓൺലൈൻ ഷോപ്പിംഗുകൾക്കും, കടകളിലെത്തിയുള്ള ഷോപ്പിംഗുകൾക്കും, വിവിധ പീലികൾ അടയ്ക്കാനുമെല്ലാം നിരവധി പേരാണ് ദിനവും ഇതിനെ ആശ്രയിക്കുന്നത്. പ്രതിമാസം 10 ട്രില്യൺ രൂപയാണ് യുപിഐ വഴി കൈമാറുന്നത്. 6 ബില്യണിലധികം ഇടപാടുകൾ ഒരു മാസത്തിൽ നടക്കുന്നുണ്ട്.

summary: the center replies whether charges will be levied for google pay phone pay service