കരിമ്പനപ്പാലത്ത് കാരവാനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം വ്യക്തമായി, വിഷവാതകം എത്തിയത് ജനറേറ്ററിൽ നിന്ന്
വടകര: കരവാനിനകത്ത് രണ്ട് യുവാക്കളുടെ മരണകാരണം വ്യക്തമായി. വാഹനത്തിലെ ജനറേറ്ററിൽ നിന്നും വന്ന കാർബൺ മോണോക്സൈഡാണ് യുവാക്കളുടെ മരണത്തിന് കാരണമെന്ന് സ്ഥിരീകരിച്ചു. ജനറേറ്റർ വാഹനത്തിന് പുറത്ത് വെക്കാതെ പ്രവർത്തിപ്പിച്ചു. ഇതാണ് വിഷപുക വാഹനത്തിന് അകത്ത് കയറാൻ കാരണം.
മെഡിക്കൽ കോളേജ് ഫോറൻസിക് മേധാവി സുജിത്ത് ശ്രീനിവാസൻ, അസി പ്രൊഫസർ പി പി അജേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ കാരവനിൽ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ജനറേറ്ററിൽ നിന്നുമാണ് കാർബൺ മോണോക്സൈഡ് പുറംതള്ളിയതെന്ന് വ്യക്തമായത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും യുവാക്കളുടെ ഉള്ളിൽ കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി പറഞ്ഞിരുന്നു.

ദേശീയ പാതയ്ക്കരികിൽ കരിമ്പനപ്പാലത്ത് തിങ്കളാഴ്ച രാത്രി രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്രൈവർ മലപ്പുറം വണ്ടൂർ വാണിയമ്പലം മുടപ്പിലാശേരി പരിയാരത്ത് വീട്ടിൽ മനോജ് കുമാർ , കണ്ണൂർ തിമിരി തട്ടുമ്മൽ നെടുംചാലിൽ പറശേരി വിട്ടിൽ ജോയൽ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഇരുവരും വിവാഹ സംഘവുമായി കണ്ണൂർ എത്തുന്നത്. രാത്രിയോടെ മടങ്ങിയെത്തി. 12 മണിയോടെ വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിർത്തി.
എസിയിട്ട് വാഹനത്തനുള്ളിൽ വിശ്രമിച്ചു. തിങ്കളാഴ്ച തിരിച്ചെത്താതിരുന്നതോടെ വാഹന ഉടമകൾ വടകരയിലെ സുഹൃത്തുക്കൾ വഴി അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്.