ഒന്നരവര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിച്ചില്ല, ബഡ്സ് നിയമം ചുമത്തി കേസ് പുനരന്വേഷിക്കണം; കുറ്റ്യാടി ഗോള്‍ഡ് പാലസ് തട്ടിപ്പില്‍ സമരം ശക്തമാക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി


കുറ്റ്യാടി: ഗോള്‍ഡ് പാലസ് തട്ടിപ്പ് കേസ് ബഡ്‌സ് നിയമം ചുമത്തി പുനരന്വേക്ഷിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി പ്രതിഷേധ സംഗമത്തില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 25 കോടിയിലധികം തട്ടിപ്പ് നടന്ന കേസില്‍ സാധാരണ വഞ്ചനാ കുറ്റം മാത്രമാണ് ചുമത്തിയതെന്നും പ്രതികള്‍ യഥേഷ്ട്ടം സമൂഹത്തില്‍ ഇറങ്ങി വിഹരിച്ച് ഇരകളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും യോഗം കുറ്റപെടുത്തി. കുളങ്ങരതാഴ ചേര്‍ന്ന പ്രതിഷേധ സംഗമം സിപിഎം ജില്ലാ കമ്മിറ്റിയംഗം എ.എം.റഷീദ് ഉദ്ഘാടനം ചെയ്തു.

സംഘടിത സാമ്പത്തിക കുറ്റകൃത്യമായ കേസില്‍ ബഡ്സ് (ബാനിംഗ് ഓഫ് അണ്‍ റെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്‌കീം) ചുമത്താത്തത് ദൂരുഹമാണെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. കേസില്‍ ബഡ്‌സ് ചുമത്തി മുഴുവന്‍ പ്രതികളുടെയും സ്വത്ത് കണ്ട് കെട്ടണമെന്നും യോഗം ആവിശ്യപ്പെട്ടു. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് ഇരക്കള്‍ക്കായി സെപ്ഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാറിനോടാവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.

2021 ഓഗസ്റ്റ് മാസം നടന്ന ഈ തട്ടിപ്പിന് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിക്കാതെ ആശങ്കയിലാണ് നിക്ഷേപകര്‍. നിരവധിതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും ചര്‍ച്ചകള്‍ പരാജയപ്പെടുത്താന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തു കൊണ്ടാണ് മുതലാളിമാര്‍ യോഗത്തില്‍ പങ്കെടുക്കുന്നത് എന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിക്കുന്നു. ജ്വല്ലറി പൂട്ടുന്നതിന് മുമ്പ് ജ്വല്ലറിയില്‍ ഉണ്ടായിരുന്ന കിലോ കണക്കിന് സ്വര്‍ണ്ണം വാരിക്കൊണ്ടുപോയ മുതലാളിമാരും മാനേജര്‍മാരും അത് തിരിച്ച് നല്‍കേണ്ടിവരും എന്ന ഭയത്താലാണ് ചര്‍ച്ച പരാജയപ്പെടുത്തുന്നത് എന്നാണ് ആരോപണം.

ജ്വല്ലറി ഉടമകള്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാത്ത സാഹചര്യത്തില്‍ സമരം ശക്തമായി പുനരാരംഭിക്കുക്കാനാണ് യോഗം തീരുമാനിച്ചത്. റംസാന്‍ മാസത്തിനുശേഷം അതിശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

ജിറാഷ് പി അധ്യക്ഷത വഹിച്ചു. ആക്ഷന്‍ കമ്മിറ്റി നേതാക്കളായ സുബൈര്‍ പി, ഇ.എ.റഹ്മാന്‍ കരണ്ടോട്, മെഹബൂബ് പുഞ്ചന്‍ കണ്ടി, ഷമീമ ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.