ഒരു കാലത്തത് അച്ചാര്‍ കമ്പനി; കൂരാച്ചുണ്ടിലെ കാട്പിടിച്ച് ഉപയോഗശൂന്യമായി കിടന്ന കെട്ടിടം നവീകരിച്ച് ജനങ്ങള്‍ക്കായ് സമര്‍പ്പിക്കും


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ കാട്പിടിച്ച് ഉപയോഗശൂന്യമായി കിടന്ന കെട്ടിടം നവീകരിച്ച് സ്ത്രീകള്‍ക്ക് സംരഭങ്ങള്‍ ആരംഭിക്കാനായി തുറന്ന് കൊടുക്കും. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പണി കഴിപ്പിച്ച എസ്.ജി.എസ്.വൈ കെട്ടിടം പിന്നീട് കാട് കയറി നശിക്കുകയായിരുന്നു. വനിതാ ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രമായാണ് ഈ കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്.

വ്യത്യസ്ത തരം അച്ചാറുകള്‍ നിര്‍മ്മിച്ച് മാര്‍ക്കറ്റില്‍ ഇറക്കിയിരുന്ന ഈ കെട്ടിടം ഉള്‍ക്കൊള്ളുന്ന സ്ഥലത്തിന് അച്ചാര്‍ കമ്പനിയെന്ന പേരും ലഭിച്ചിരുന്നു. പിന്നീട് അച്ചാര്‍ നിര്‍മ്മാണം നിലക്കുകയും കൃത്യമായ ഇടപെടലുകളും മെയിന്റനന്‍സും നടക്കാതിരിക്കുകയും ചെയ്തതിനാല്‍ വര്‍ഷങ്ങളായി കാടുപിടിച്ച് കെട്ടിടം നശിക്കുകയായിരുന്നു.

2021 – 22 ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടത്തിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. പ്ലബിങ് വയറിംഗ് പണികളാണ് ഇനി അവശേഷിക്കുന്നത്. അതുകൂടി പൂര്‍ത്തിയാവുന്നതോടെ കെട്ടിടം സ്ത്രീകള്‍ക്ക് സംരഭങ്ങള്‍ ആരംഭിക്കുവാനായി തുറന്ന് കൊടുക്കുന്നതാണ്.