ഉയരപ്പാത നിർമാണ പ്രവൃത്തിക്കിടെ വടകരയില്‍ തകർന്നു വീണ ക്രെയിനിന്റെ പൊട്ടിയഭാഗം അഴിച്ചുമാറ്റി
വടകര: ദേശീയപാതയിൽ വടകര ബൈപ്പാസിലെ ഉയരപ്പാതയിൽ ഗർഡർ സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ പൊട്ടിയ ക്രെയിനിന്റെ ബൂം അഴിച്ചുമാറ്റി. തിങ്കളാഴ്ച പകൽ മുഴുവൻ പണിയെടുത്താണ് ക്രെയിനിൽ നിന്ന് ബൂം അഴിച്ചുമാറ്റിയത്. ബൂമിനുള്ളിലെ മൂന്ന് കുഴലുകൾ അഴിച്ചെടുക്കുന്ന ജോലിയും തുടങ്ങിയിട്ടുണ്ട്.
പണി പൂര്‍ത്തിയായ ശേഷം ഇവ എറണാകുളത്തേക്ക് കൊണ്ടുപോകും. ഇവിടെനിന്ന് ഇത് മാറ്റിയശേഷം മാത്രമേ ഇവിടെ ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങാനാകൂ. ദേശീയപാത നിർമാണ പ്രവൃത്തിക്കിടെ ഉയരപ്പാതയ്ക്കായി ഗർഡറുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസമാണ് പാർക്ക് റോഡിന് സമീപം കൂറ്റൻ ക്രെയിൻ തകർന്നു വീണത്. ക്രെയിൻ തകർന്നതോടെ കൂറ്റൻ കോൺക്രീറ്റ് നിർമിതഭാഗം താഴെക്ക് വീണെങ്കിലും തൊഴിലാളികൾ ആരും സമീപത്ത് ഇല്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.

ഗര്‍ഡര്‍ നിര്‍മിച്ചതില്‍ അപാകം ഉണ്ടായതിനാൽ പ്രവൃത്തി താൽക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഗർഡറിന്റെ അടിവശത്തെ ബെയറിങ് തൂണിന് മുകളിലെ ദ്വാരത്തിൽ ഇറക്കിവയ്‌ക്കാൻ കഴിയാത്തതിനെ തുടർന്നാണ് പ്രവൃത്തി നിർത്തിവച്ചത്. ഇത് പരിഹരിച്ചാണ് നിർമാണം പുനരാരംഭിച്ചത്.
Description: The broken part of the elevated road construction crane was removed