കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ തൊഴില്‍ ബഹിഷ്‌കരണം പിന്‍വലിച്ചു


വടകര: കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ദീര്‍ഘദൂര സ്വകാര്യ ബസ് ജീവനക്കാര്‍ കഴിഞ്ഞ രണ്ടുദിവസമായി നടത്തിവരുന്ന തൊഴില്‍ ബഹിഷ്‌കരണം പിന്‍വലിച്ചു. വടകര എം.എല്‍.എ കെ.കെ.രമയുമായി എം.എല്‍.എ ഓഫീസില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ബഹിഷ്‌കരണത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതെന്ന് സമരത്തിന് നേതൃത്വം നല്‍കിയ തൊഴിലാളി കൂട്ടായ്മ പ്രതിനിധികള്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഉണ്ടായ വെള്ളക്കെട്ടും കുഴികളും പരിഹരിക്കണമെന്നായിരുന്നു ബസ് തൊഴിലാളികളുടെ പ്രധാന ആവശ്യം. ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റി റീജിയണൽ ഓഫിസറുമായി എം.എൽ.എ നടത്തിയ ചർച്ചയിൽ പാതയിലെ വലിയ കുഴികൾ രണ്ടു ദിവസത്തിനകം അടച്ച് ഗതാഗത യോഗ്യമാക്കാമെന്ന് എം.എൽ.എ ഉറപ്പു നൽകിട്ടുണ്ട്‌.

കൂടാതെ വടകര പെരുവാട്ടും താഴ ജംഗ്ഷനിൽ പഴയ സ്റ്റാൻഡിലേക്കുള്ള റോഡിലേക്ക് യു ടേൺ എടുക്കുന്ന സ്ഥലത്തുണ്ടാകുന്ന ഗതാഗത തടസം ഒഴിവാക്കാൻ പാലത്തിന് അടിയിലൂടെ വഴിയൊരുക്കാനുള്ള നടപടികൾ പരിശോധിച്ച് സ്വീകരിക്കും. കൂടാതെ പയ്യോളിയിൽ പണി പൂർത്തിയായ പാതയിൽ രണ്ടു വശത്തേക്കുമുള്ള ഗതാഗതം നടപ്പിലാക്കുന്ന കാര്യവും പരിശോധിക്കും. ഇപ്പോൾ സർവീസ് റോഡ് വഴിയുള്ള യാത്ര വലിയ ഗതാഗത കുരുക്കിന് ഇടയാക്കുന്നുണ്ട്. കൂടാതെ ദേശീയപാതയിലെ വെള്ളക്കെട്ട് അടക്കമുള്ള വിഷയങ്ങളിൽ അടിയന്തിരമായി പരിഹാരം കാണുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്‌.

സമരം തുടങ്ങിയ ഘട്ടത്തിൽ തന്നെ ആർ.ഡി.ഒ ഓഫീസിൽ നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും, ബന്ധപ്പട്ട വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ഇത് സംബന്ധിച്ചു എം.എൽ.എ വിളിച്ചു ചേർത്തിരുന്നു. കൂടാതെ കഴിഞ്ഞയാഴ്ച ഈ വിഷയം എം.എൽ.എ നിയമസഭയിലും അവതരിപ്പിച്ചിരുന്നു. വകുപ്പുതലത്തിലുള്ള ഇടപെടലുകളും വേഗത്തിലാക്കുമെന്ന് തൊഴിലാളി സംഘടനപ്രതിനിധികളെ എം.എൽ.എ അറിയിച്ചിട്ടുണ്ട്‌.

ജൂലൈ പതിനഞ്ച് മുതലാണ് കണ്ണൂര്‍ കോഴിക്കോട് റൂട്ടിലെ ബസുകളിലെ ജീവനക്കാര്‍ തൊഴില്‍ ബഹിഷ്‌കരണം ആരംഭിച്ചത്. കഴിഞ്ഞ രണ്ടുദിവസം ഈ റൂട്ടില്‍ ദീര്‍ഘദൂര ബസുകള്‍ ഒന്നും തന്നെ സര്‍വ്വീസ് നടത്തിയിരുന്നില്ല. ബഹിഷ്‌കരണം പിന്‍വലിച്ച നിലയ്ക്ക് ഇന്ന് സര്‍വ്വീസ് നടത്താന്‍ താല്‍പര്യമുള്ള ബസുകള്‍ നിരത്തിലിറങ്ങുമെന്നും നാളെമുതല്‍ എല്ലാ ബസുകളും പതിവുപോലെ സര്‍വ്വീസ് നടത്തുമെന്നും തൊഴിലാളികള്‍ വ്യക്തമാക്കി.