വടകര സാന്റ്ബാങ്ക്സ് അഴിമുഖത്തിന് സമീപം കടലിൽ കാണാതായ ഷാഫിയുടെ മൃതദേഹം കണ്ടെത്തി
പയ്യോളി: മീൻ പിടിക്കുന്നതിനിടെ വടകര സാന്റ്ബാങ്ക്സ് അഴിമുഖത്തിന് സമീപം കടലിൽ കാണാതായ ഷാഫിയുടെ മൃതദേഹം കണ്ടെത്തി. കൊളാവിപ്പാലം മിനിഗോവയുടെ പടിഞ്ഞാറ് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 8.30 ഓടെ പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് കോസ്റ്റൽ പോലീസിനെയും അധികൃതരെയും വിവരമറിയിക്കുകയായിരുന്നു.
ഇന്നലെ രാവിലെയാണ് കരവല വീശുന്നതിനിടെ ചേളാരി സ്വദേശിയായ മുഹമ്മദ് ഷാഫിയെ തിരയിൽപ്പെട്ട് കാണാതായത്. വല വലിക്കാൻ ശ്രമിക്കുമ്പോൾ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. പിന്നാലെ കൂടെയുണ്ടായിരുന്നയാൾ കടലിലിറങ്ങി കയർ നൽകിയെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല.
തൊട്ടടുത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്താൻ അടുത്തെത്തിയപ്പോഴേക്കും ഷാഫി മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ, കണ്ണമംഗലം പഞ്ചായത്തുകളിൽ നിന്ന് മീൻ പിടിക്കാനായി അഞ്ചംഗ സംഘത്തിനൊപ്പമാണ് ഷാഫി അഴിമുഖത്ത് എത്തിയത്.
ഇന്നലെ രാവിലെ മുതൽ തന്നെ വടകര തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും വൈകുന്നേരം നാവികസേനയുടെ ഹെലികോപ്റ്ററും തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് അതിരാവിലെ തന്നെ കോസ്റ്റൽ അധികൃതർ കോട്ടക്കൽ ഭാഗത്ത് തിരച്ചിൽ ആരംഭിച്ചിരുന്നു. അതിനിടെയാണ് കൊളാവിപ്പാലം ഭാഗത്ത് നിന്നും മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിക്കുന്നത്.