നിഹാലിനെ അവസാനമായി കാണാനെത്തിയത് നൂറുക്കണക്കിനാളുകള്‍; പ്രിയപ്പെട്ടവന് വിട നല്‍കി മണിയൂർ


മണിയൂർ: തങ്ങളോടൊപ്പം ഇന്നലെ വരെ കളിച്ച പ്രിയപ്പെട്ട കൂട്ടുകാരന്‍ ഇനിയില്ല, മണിയൂരില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് മരിച്ച നിഹാലിന്റെ മൃതദേഹം ഖബറടക്കി. നൂറുക്കണക്കിന് ആളുകളാണ് നിഹാലിനെ അവസാനമായി ഒരുനോക്ക് കാണാന്‍ വീട്ടിലേക്കെത്തിയത്.

ഇന്നലെ വൈകിട്ടായിരുന്നു നാടിനെ ഒന്നടങ്കം നടുക്കിയ സംഭവം. കളി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരികയായിരുന്ന നിഹാല്‍ പൊട്ടി വീണ വൈദ്യതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് മരിക്കുകയായിരുന്നു. പരിസരവാസികള്‍ കാണുമ്പോള്‍ ലൈനില്‍ കുടുങ്ങി കിടക്കുകയായിരുന്നു നിഹാല്‍.

വൈദ്യുതി ബന്ധം നിലയ്ക്കാതിരുന്നത് കൊണ്ട് കുട്ടിയെ രക്ഷപ്പെടുത്താന്‍ ഓടിക്കൂടിയവര്‍ക്കും സാധിച്ചില്ല. ഉടന്‍ തന്നെ നാട്ടുകാര്‍ കെ.എസ്.ഇ.ബിയിലേക്ക് വിളിച്ചിരുന്നു എന്നാല്‍ ആരും ഫോണ്‍ എടുത്തില്ല. പിന്നീട് കൂടുതല്‍ പേര്‍ എത്തിയതിന് ശേഷമാണ് ലൈനില്‍ തൊടാതെ നിഹാലിനെ പുറത്തെടുത്തത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തെങ്ങ് വീണതിനെ തുടര്‍ന്ന് വൈദ്യുതത്തൂണിന്റെ മുകള്‍ ഭാഗം പൊട്ടി ലൈന്‍ കമ്പി വഴിയിലേക്ക് വീഴുകയായിരുന്നു. തൂണിന്റെ അപകടാവസ്ഥ കാണിച്ച് നേരത്തെ തന്നെ നാട്ടുകാര്‍ കെ.എസ്.ഇ.ബിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഓഫീസിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.

തുറയൂര്‍ ബിടിഎം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് നിഹാല്‍. പിതാവ്: ഹമീദ്, മാതാവ്: ഹസീന, സഹോദരന്‍: മുഹമ്മദ് ഷമല്‍.