ഫറോക്ക് പാലത്തില്‍ നിന്ന് ഭാര്യയ്‌ക്കൊപ്പം ചാലിയാര്‍ പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഫറോക്ക്: ഭാര്യയ്‌ക്കൊപ്പം ഫറോക്ക് പാലത്തില്‍ നിന്ന് ചാലിയാര്‍ പുഴയിലേക്ക് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി കരുവമ്പ്രം ജെടിഎസ് റോഡില്‍ പുളിയഞ്ചേരി ക്വാര്‍ട്ടേഴ്‌സില്‍ കാരിമണ്ണില്‍ തട്ടാപുറത്ത് ജിതിന്റെ മുതദേഹമാണ് ഉച്ചയ്ക്ക് 2.45ന് ചെറുവണ്ണൂര്‍ മുല്ലശ്ശേരി മമ്മിളിക്കടവിനു സമീപം കണ്ടെത്തിയത്. മുപ്പത്തിയൊന്ന് വയസ്സായിരുന്നു.
മീഞ്ചന്ത അഗ്‌നി രക്ഷാ നിലയം മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പഴയ പാലത്തിനു സമീപം കരയ്ക്ക് എത്തിച്ച മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച രാവിലെയാണ് ജിതിനും ഭാര്യ പൊന്നാനി പുഴാമ്പ്രം സ്വദേശിനി വര്‍ഷയും പുഴയിലേക്ക് ചാടിയത്. ഇരുവരും പാലത്തില്‍ നിന്ന് ചാടുന്നത് കണ്ട ലോറി ഡ്രൈവര്‍ വാഹനം നിര്‍ത്തി ഇട്ടു കൊടുത്ത കയറില്‍ പിടിച്ചു തൂങ്ങിയ വര്‍ഷയെ പിന്നീട് തോണിക്കാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വര്‍ഷ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.