നാടിനെയാകെ കണ്ണീരണിയിച്ചു; ആവളയില്‍ മരിച്ച പത്തു വയസ്സുകാരന് മുഹമ്മദിന്റെ മൃതദേഹം ഖബറടക്കി
പേരാമ്പ്ര: ആവളയില്‍ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി മരിച്ച പത്തുവയസുകാരന് മുഹമ്മദിന്റെ ഖബറടക്കം കഴിഞ്ഞു. ഇന്ന് വൈകുന്നേരം 4.30ഓടെ ആവള ചെറുവോട്ട് കുന്നത്ത് ജുമാമസ്ജിദിലാണ് മൃതദേഹം ഖബറടക്കിയത്.
ആവള പെരിഞ്ചേരിക്കടവില്‍ ചെറുവോട്ട് കുന്നത്ത് ബഷീറിന്റെ മകന് മുഹമ്മദിനെ ഇന്നലെ വൈകുന്നേരത്തോടെയാണ് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മരണം തൂങ്ങി മരണമാണെന്നാണ് ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും ലഭ്യമായിരിക്കുന്ന വിവരം.
അതേസമയം കുട്ടിയുടെ മരണത്തില്‍ മേപ്പയൂര്‍ പൊലീസും അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ സഹപാഠികള്‍, അധ്യാപകര്‍, ബന്ധുക്കള്‍ എന്നിവരില്‍ നിന്ന് മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം വീട്ടില്‍ എത്തിച്ച മൃതദേഹം പിന്നീട് ചെറുവോട്ട്കുന്നത്ത് ജുമാമസ്ജിദില്‍ ഖബറടക്കുകയായിരുന്നു. മുഹമ്മദിനെ അവസാനമായി ഒരുനോക്കുകാണാന്‍ സഹപാഠികളും അധ്യാപകരും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധിപേരെത്തി.
ഉമ്മ: ഷെരീഫ. മുഹസിന, ഷിഫാന, ഫാത്തിമ എന്നിവര്‍ സഹോദരങ്ങളാണ്. മുഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ആവള യു.പി സ്കൂളിന് ഇന്ന് അവധിയായിരുന്നു.
summary: the body of a ten-year-old boy who died in Aavala was buried