കണ്ണീരടക്കാനാവാതെ കൂട്ടുകാരും അധ്യാപകരും; വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വളയം സ്വദേശി ദേവതീർത്ഥയ്ക്ക് വിട ചൊല്ലി നാട്
വളയം: വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വളയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി ദേവതീര്‍ത്ഥതയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.
നീലാണ്ടുമ്മല്‍ പടിഞ്ഞാറയില്‍ സജീവന്‍ – ഷൈജ ദമ്പതികളുടെ മകളായ ദേവതീര്‍ത്ഥയെ മൂന്ന് ദിവസം മുമ്പാണ് പനിയും ഛര്‍ദ്ദിയും ബാധിച്ച് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയോടെയായിരുന്നു മരണം.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ വളയം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. സഹപാഠികളും, അധ്യാപകരും നാട്ടുകാരുമടക്കം നിരവധി പേരാണ് ദേവതീര്‍ത്ഥയെ അവസാനമായി കാണാന്‍ സ്‌ക്കൂളിലെത്തിയത്.
തുടര്‍ന്ന് ഒരു മണിയോടെ മൃതദേഹം വീട്ടില്‍ സംസ്‌കരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധകള്‍ തുടങ്ങി നിരവധി പേര്‍ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.