കൊയിലാണ്ടി ഉള്ളൂര്‍ക്കടവില്‍ കണ്ടെത്തിയ മൃതദേഹം കണയങ്കോട്ട് നിന്ന് പുഴയില്‍ ചാടിയ ആളുടേത്; മരിച്ചത് പേരാമ്പ്ര സ്വദേശി


കൊയിലാണ്ടി: ഉള്ളൂര്‍ക്കടവ് പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹം കണയങ്കോട്ട് പുഴയില്‍ നിന്ന് ചാടി മരിച്ച ആളുടേതെന്ന് സ്ഥിരീകരിച്ചു. പേരാമ്പ്ര ചാലിക്കര കായല്‍മുക്ക് സ്വദേശിയായ തൈവെച്ച പറമ്പില്‍ റാഷിദ് ആണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു.

ബാലുശ്ശേരി ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിമുതലാണ് റാഷിദിനെ കാണാതായത്. തുടര്‍ന്ന് കണയങ്കോട് പാലത്തിന് സമീപത്ത് ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്റ്റാര്‍ട്ട് ചെയ്തുവെച്ച നിലയില്‍ ചാവി ബൈക്കില്‍ തന്നെ വെച്ചിരിക്കുന്നതായും കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് പുഴയില്‍ ചാടിയതാകാമെന്ന സംശയമുയര്‍ന്നത്.

പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിച്ചതിനെ തുടര്‍ന്ന് അത്തോളി പൊലീസ് സ്ഥലത്തെത്തുകയും ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇന്ന് ഉള്ളൂര്‍ക്കടവില്‍ പണി നടന്നുകൊണ്ടിരിക്കുന്ന പാലത്തിന്റെ കമ്പിയോട് ചേര്‍ന്ന് മൃതദേഹം കണ്ടത്. പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു.

ഉപ്പ: ബഷീര്‍. ഉമ്മ: സൈനബ. സഹോദരങ്ങള്‍: റയീസ്, ഫയദ്.