‘സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു, കുടിവെള്ളം കിട്ടാതെ പ്രദേശവാസികള്‍ വലയുമ്പോള്‍ അധികൃതര്‍ അനങ്ങാപാറ നയം സ്വീകരിക്കുന്നു,; ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയുമായി ബിജെപി കടിയങ്ങാട് ഏരിയ കമ്മിറ്റി


പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി ബിജെപി കടിയങ്ങാട് ഏരിയ കമ്മിറ്റി. കെട്ടിട നികുതി, ലൈസന്‍സ് ഫീസും എന്നിവ പതിന്‍മടങ്ങ് വര്‍ധിപ്പിച്ച്, ത്രിതല പഞ്ചായത്തുകള്‍ നല്‍കേണ്ട ആനുകൂല്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തിയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രതിഷേധ സൂചകമായി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.

ബി.ജെ.പി. പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമല്‍ രാഗേഷ് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ചാമക്കാല കോളനിയിലും, കരിങ്കണ്ണി മീത്തല്‍ പ്രദേശത്തും കുടിവെള്ളം കിട്ടാതെ പ്രദേശവാസികള്‍ കിലോമീറ്ററുകള്‍ താണ്ടി കുടിവെള്ളം സംഭരിക്കുമ്പോഴും ഗ്രാമ പഞ്ചായത്ത് അധികൃതര്‍ അനങ്ങാപാറ നയം സ്വീകരിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബി.ജെ.പി. പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് പറഞ്ഞു. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനം ചിലര്‍ തടസ്സപെടുത്തിയത് പരിഹരിക്കാന്‍ പോലും ബന്ധപെട്ടവര്‍ തയ്യാറാവാത്തത് കുടിവെള്ളം കിട്ടാതെ വലയുന്ന പ്രദേശവാസികളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു.

ലൈജു വേലായുധന്‍ അധ്യക്ഷത വഹിച്ചു. കെ.എം സുധാകരന്‍, സി.കെ. ലീല, ഇ.ടി. ബാലന്‍, എന്‍.എം. രവീന്ദ്രന്‍, ടി.എം. ഹരിദാസ്, കുനിയില്‍ ശ്രീധരന്‍, ചന്ദ്രന്‍ ചക്കുളങ്ങര, കെ.കെ. രമീഷ് എന്നിവര്‍ സംസാരിച്ചു. സി. പ്രമോദ്, എം.കെ. ശശീന്ദ്രന്‍, റീന എന്നിവര്‍ നേതൃത്വം നല്‍കി.