ഊരള്ളൂരിലെ മണ്ണ് നികത്തലുമായി ബന്ധപ്പെട്ട് വാസ്തവ വിരുദ്ധ പ്രസ്താവനകളിറക്കി ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; ആരോപണവുമായി അരിക്കുളം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌


അരിക്കുളം: ഊരള്ളൂരിലെ മണ്ണ് നികത്തൽ പ്രശ്നവുമായി ബന്ധപ്പെട്ട് വാസ്തവ വിരുദ്ധ പ്രസ്താവനകളിറക്കി ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അരിക്കുളം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ശശി ഊട്ടേരി. ഊരള്ളൂർ ഫെസ്റ്റുമായി ബന്ധപ്പെട്ട് മറ്റുള്ളവർ ലക്ഷങ്ങൾ കൈപ്പെറ്റിയെന്ന വ്യാജ വാർത്തകൾ പടച്ചു വിടുകയാണ് ബിജെപിയെന്നും, നെൽവയൽ നികത്തിയ പ്രശ്നത്തിൽ വിവിധ രാഷ്ട്രീയ കക്ഷികളും നെൽവയൽ സംരക്ഷണ സമതിയും മുന്നിട്ടിറങ്ങിയതിന്റെ ഫലമാണ് ഇന്ന് തന്നെ മണ്ണ് നീക്കം ചെയ്യാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി കൊടി കുത്തി നാടകം കളിക്കുമ്പോൾ നിയമ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു കോൺഗ്രസ്‌. ഈ പ്രദേശത്തെ ബൂത്ത്‌ പ്രസിഡന്റ്‌ മാരായ ടി.ടി. ശങ്കരൻ നായർ, ഇ.കെ. ഭാസ്കരൻ, സുമേഷ് സുധർമൻ തുടങ്ങിയവർ രാവിലെ തന്നെ സ്ഥലം സന്ദർശിച്ച് വേണ്ടത് ചെയ്തിരുന്നു. ഒറ്റക്ക് നേട്ടം കൊയ്യാൻ ആവാത്തതിന്റെ വേവലാതിയിൽ രാഷ്ട്രീയ അന്തസ്സിന് നിരക്കാതെ ഇറക്കിയ പ്രസ്താവന പിൻവലിക്കാൻ ബിജെപി തയ്യാറാവണമെന്നും ശശി ഊട്ടേരി വ്യക്തമാക്കി.

ഇന്നലെ രാത്രിയാണ് ഊരള്ളൂർ ചിറയില്‍ രത്‌നയുടെ ഉടമസ്ഥതയിലുള്ള വയല്‍ മണ്ണിട്ട് നികത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വയല്‍ സംരക്ഷണ സമിതിയാണ് കലക്ടര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. രാവിലെ വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തുകയും മണ്ണ് നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കുകയും ചെയ്‌തെങ്കിലും ഉടമ നീക്കം ചെയ്യാന്‍ തയ്യാറായില്ല. തുടര്‍ന്ന് അരിക്കുളം വില്ലേജിന്റെയും വയല്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മണ്ണ് എടുത്തുമാറ്റാന്‍ നടപടിയെടുക്കുകയായിരുന്നു.


വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ രാജന്‍.ടി.എം, ശ്രീജിത്ത്.എം.ടി, ശശി ഊട്ടേരി, ശങ്കരന്‍നായര്‍ ടി.ടി, എ.കെ.എന്‍.അടിയോടി, റിയാസ് ഊട്ടേരി, രഞ്ജിത്ത് ടി.പി, രാഗീഷ്.എം.കെ, പി.ദാമോദരന്‍, സുമേഷ് സുധര്‍മ്മന്‍, രവി ചാലയില്‍ എന്നിവര്‍ മണ്ണ് നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.