‘പൊതു ഇടത്തെ മാലിന്യസംഭരണ കേന്ദ്രമാക്കാന്‍ അനുവദിക്കില്ല, സമരക്കാര്‍ക്ക് എല്ലാവിധ പിന്‍തുണയും നല്‍കും’; അരിക്കുളത്തുകാരുടെ ഇരിപ്പു സമരത്തിന് പിന്തുണയുമായി ബി.ജെ.പി
അരിക്കുളം: പള്ളിക്കല്‍ കനാല്‍ സൈഫണിന് സമീപമുള്ള പൊതു ഇടം മാലിന്യസംഭരണ കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് വി.കെ. സജീവന്‍. പൊതു ഇട സംരക്ഷണത്തിനായി അരിക്കുളത്തുകാര്‍ നടത്തുന്ന രാപ്പകല്‍ ഇരിപ്പു സമരപ്പന്തലില്‍ എത്തിയതായിരുന്നു അദ്ദേഹം.
ഇവിടെയുള്ള കളിക്കളത്തില്‍ കളിച്ചും വ്യായാമമുറകളിലേര്‍പ്പെട്ടും കരസേനയില്‍ ജോലി ലഭിച്ചവര്‍ നിരവധിയാണ്. അരിക്കുളത്തുകാര്‍ക്ക് ഒത്തുകൂടാന്‍ മറ്റൊരു സ്ഥലമില്ലെന്നിരിക്കെ അധികാരമുപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ടെന്നും സമരക്കാര്‍ക്ക് എല്ലാവിധ പിന്തുണയും ബി.ജെ.പി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സമരം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നിരവധി പേരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഐക്യദാര്‍ഢ്യവുമായി എത്തുന്നത്. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡണ്ട് സുരേഷ് കണ്ടോത്ത്, സംസ്ഥാന കൗണ്‍സില്‍ അംഗവും പ്രഭാരിയുമായ നാരായണന്‍ മാസ്റ്റര്‍, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ഷിജി ദിനേശ് എന്നിവരും ജില്ലാ പ്രസിഡണ്ടിനൊപ്പം സമരവേദിയിലെത്തി.