കോഴിക്കോട് കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ നിന്ന് ബാങ്ക് മാനേജര്‍ തട്ടിയെടുത്തത് എട്ടു കോടിയോളം രൂപ; പണം ഉപയോഗിച്ച് ഓണ്‍ലൈന്‍ റമ്മി, ഓഹരി ഇടപാട്‌


കോഴിക്കോട്: കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് ബാങ്ക് മാനേജര്‍ കോടിക്കണക്കിന് രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് ഓണ്‍ലൈന്‍ റമ്മി കളിക്കാനും ഓഹരി ഇടപാടുകള്‍ക്കുമെന്ന് പോലീസ്. എട്ട് കോടിയോളം രൂപയാണ് റിജില്‍ ആദ്യം പിതാവിന്റെ അക്കൗണ്ടിലേക്കും പിന്നീട് മറ്റൊരു ബാങ്കിലെ തന്റെ അക്കൗണ്ടിലേക്കും മാറ്റിയിരുന്നത്. ഇതില്‍ കാര്യമായ തുകയൊന്നും അവശേഷിക്കുന്നില്ലെന്നും ബാങ്ക് ഓഡിറ്റിങ് പൂര്‍ത്തിയായതിന് ശേഷം മാത്രമേ കൃത്യമായ വിവരം ലഭിക്കുകയുള്ളുവെന്നും പോലീസ് അറിയിച്ചു.

വിവിധ തവണകളിലായാണ് റിജില്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇതിനായി ബാങ്ക് രേഖകളില്‍ വന്‍ തോതില്‍ കൃത്രിമം കാട്ടുകയും ചെയ്തിരുന്നു. വന്‍ തുക പിന്‍വലിച്ച ഇടപാടുകളുടെ വിവരങ്ങള്‍ നീക്കം ചെയ്തതിന് ശേഷമാണ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് കോര്‍പറേഷന് കൈമാറിയിരുന്നത്. അക്കൗണ്ട് ഇടപാടുകള്‍ നടക്കുമ്പോള്‍ കോര്‍പറേഷന് മൊബൈലില്‍ സന്ദേശം ലഭിക്കുന്ന സംവിധാനവും പ്രവര്‍ത്തന രഹിതമായിരുന്നു.

റിജില്‍ ഒളിവില്‍പ്പോയിരിക്കുകയാണ്. 29 ന് ഒളിവില്‍പ്പോയ റിജിലിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ബാങ്ക് ഉദ്യോഗസ്ഥയുമായി ഇയാളുടെ വിവാഹവും നിശ്ചയിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് കോര്‍പറേഷനിലെ തട്ടിപ്പ് പുറത്തു വന്നിരിക്കുന്നത്.